തിരുവനന്തപുരം: മഹാകവി കുമാരനാശാന്റെ മരണത്തെ സംബന്ധിച്ച് ഉയർന്ന് വന്നിട്ടുള്ള ദുരൂഹത അവസാനിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി. മാപ്പിള ലഹളയെ ശക്തമായി വിമർശിച്ച് ദുരവസ്ഥ എന്ന പേരിൽ കവിത രചിച്ചതിന്റെ പേരിൽ കുമാരനാശാന് മതതീവ്രവാദികളുടെ ഭീഷണിയുണ്ടായിരുന്നു. കവിത പിൻവലിക്കണമെന്ന മുസ്ലീം സംഘടനകളുടെ ആവശ്യത്തെ തള്ളിക്കളത്ത കുമാരനാശാൻ പിന്നീടുണ്ടായ ബോട്ടപകടത്തിൽ മരണപ്പെടുകയായിരുന്നു. ഇത് തികച്ചും ആകസ്മികമായി കാണാനാവില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി .ബാബു പറഞ്ഞു.
ആശാന് നേരേയുണ്ടായ ഭീഷണിയെ തുടർന്ന് തിരുവിതാംകൂർ രാജാവ് പോലീസ് സംരക്ഷണം നൽകിയിരുന്നെങ്കിലും പിന്നീട് അത് പിൻവലിക്കപ്പെട്ടു. യാത്രയിൽ കുമാരനാശാൻ കിടന്നിരുന്ന ബോട്ടിന്റെ ക്യാബിൻ പുറത്ത് നിന്ന് പൂട്ടിയതും അപകടസ്ഥലത്ത് മറ്റു ചില ബോട്ടുകളുടെ സാന്നിധ്യവും കുമാരനാശാന്റെ മരണം ആസൂത്രിതമായ ഒരു കൊലപാതകമായിരുന്നോ എന്ന സംശയത്തിന് കാരണമാകുന്നുണ്ട്.
മാപ്പിള ലഹളയെ വിമർശിച്ച സ്വാതന്ത്ര്യ സമര സേനാനിയും മാതൃഭൂമി പത്രാധിപരുമായിരുന്ന കെ.പി കേശവമേനോന് നേരെയുണ്ടായ വധശ്രമങ്ങളും ഇതോടൊപ്പം കൂട്ടിവായിക്കാവുന്നതാണ്. നവോത്ഥാന നായകനായി അറിയപ്പെട്ട ആറാട്ട്പുഴ വേലായുധ പണിക്കർ മത തീവ്രവാദികളുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയും മഹാകവിയുമായിരുന്ന ആശാന്റെ മരണത്തെ സംബന്ധിച്ച എല്ലാ ദുരൂഹതകളും നീക്കണമെന്ന് ഹിന്ദു ഐക്യവേദി സർക്കാരിനോട് ആവശ്യപ്പെട്ടു.















