ലണ്ടൻ: അരനൂറ്റാണ്ടിന് ശേഷം ഇംഗ്ലീഷ് ക്രിക്കറ്റ് മണ്ണിലെ വിജയത്തിൽ നിർണ്ണായകമായത് ഒരു താരം. തളരാത്ത പോരാളി. ഏതു നിർജ്ജീവമായ പിച്ചിലും വിക്കറ്റ് വീഴ്‌ത്തും. നിർണ്ണായക സമയത്ത് ബാറ്റിംഗ് കരുത്തായിമാറും. ഇന്ത്യൻ താരത്തിന്റെ സവിശേഷതകൾ ഏതു ടീമും കൊതിക്കുന്നതെന്ന് വിദഗ്ധർ.
ഈ താരം നാലാം ടെസ്റ്റിൽ രോഹിത് ശർമ്മയുടെ നേട്ടവുമായോ, ഋഷഭ് പന്തിന്റേയും പൂജാരയുടേയും കോഹ് ലിയുടേയും ഷാർദ്ദൂലിന്റേയും ബാറ്റിംഗ് മികവിനൊത്ത് പരിഗണിക്കപ്പെട്ടില്ല. പക്ഷെ അഞ്ചാം ദിനം ഇന്ത്യയുടേതായി മാറിയതിൽ ബൗളിംഗിലും ഫീൽഡിലും ഈ താരത്തിന്‌റെ പോരാട്ടം സമാനതകളില്ലാത്തതായി മാറി.


എല്ലാവരും അനിവാര്യനെന്ന് പറയുന്ന ആ താരം രവീന്ദ്ര ജഡേജയാണ്. ഒരു കളിയിൽ തന്റെ ആവശ്യമെന്തെന്ന് തിരിച്ചറിഞ്ഞ് കളിക്കാനറിയാവുന്ന താരം. ചിലപ്പോഴത് ബാറ്റ്‌കൊ ണ്ടാകും. മറ്റ് ചിലപ്പോഴത് പന്തുകൊണ്ടാകും. ഒരു കാലത്ത് ധോണിക്കൊപ്പം റയ്‌ന എന്നപോലെ കളി മാറ്റിമറിക്കാനറിയാവുന്ന താരം. യുവരാജ് സിംഗിനെപോലെ നിർണ്ണായക സമയത്ത് മികച്ച ബാറ്റ്‌സ്ന്മാർമാരെ പുറത്താക്കാനറിയുന്ന സ്പിൻ ബൗളർ. ജഡേജയുടെ തന്ത്രങ്ങൾ എന്നും വിജയം കണ്ടിട്ടുണ്ട്.
അഞ്ചുപേരടങ്ങുന്ന ഇന്ത്യൻ ബൗളിംഗ് ആക്രമണത്തിൽ കൊടും ചൂടിലും ഓവലിൽ ജഡേജ നേടിയത് നിർണ്ണായകമായ രണ്ടു വിക്കറ്റുകളാണ്. കളിയിൽ മികവോടെ നിന്ന ഹസീബ് ഹമീദിനേയും ഇന്ത്യൻ ബൗളിംഗിനെ നന്നായി കളിക്കാനറിയാവുന്ന മൊയീൻ അലിയേയും വീഴ്‌ത്തിയത് നിർണ്ണായക സമയത്തായിരുന്നു. ഈ രണ്ടു താരങ്ങളും നിലയുറപ്പിച്ചി രുന്നെങ്കിൽ അത് മറ്റ് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാരേയും സ്വാധീനിക്കുമായിരുന്നു. അവിടെയാണ് സ്പിന്നിന് അനുകൂലമല്ലാത്ത പിച്ചിലും ജഡേജ വിക്കറ്റ് കൊയ്തത്. ലോകക്രിക്കറ്റിലെ മികച്ച ഫീൽഡറെന്ന തൂവൽ തൊപ്പിയിലുള്ളപ്പോഴും മികച്ച ഓൾറൗണ്ടറെന്ന സ്ഥാനം ഉറപ്പിക്കുക യാണ് ഇടംകയ്യൻ ബാറ്റിംഗിന്റെ ആനുകൂല്യവുമുള്ള ജഡേജ.















