മുംബൈ: സ്‌കൂള്‍ ബസിന് മുകളിലേക്ക് കൂറ്റന്‍ മരം കടപുഴകി വീണ് വിദ്യാര്‍ഥി മരിച്ചു. സംഭവത്തില്‍ പത്ത് കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുംബൈയിലെ ചെമ്പൂരിലാണ് ഈ ദാരുണ സംഭവം. റോഡ് നമ്പര്‍ 11-ലാണ് അപകടമുണ്ടായത്. ബസില്‍ ആകെ 13 വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ കുട്ടികളെ ഉടന്‍ തന്നെ സമീപത്തെ ജെയിന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
അതേസമയം, ബസിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന ഒരു കുട്ടിയെ പുറത്തെടുക്കാന്‍ അഗ്‌നിരക്ഷാസേനയും രക്ഷാപ്രവര്‍ത്തകരും മരം മുറിച്ചുനീക്കി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇതിനിടെ, ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് മുംബൈ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ശക്തമായ മഴയ്‌ക്കും ഇടിമിന്നലോടുകൂടിയ കാറ്റിനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ അപകടസാധ്യതയുള്ള മരങ്ങളും ദുര്‍ബലമായ നിര്‍മാണങ്ങളും സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.















