കോഴിക്കോട്: കോഴിക്കോട് യുവതിയെ മദ്യവും മയക്കുമരുന്നും നൽകി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. കൊല്ലം സ്വദേശിനിയാണ് കോഴിക്കോട് വെച്ച് പീഡനത്തിന് ഇരയായതെന്ന് പോലീസ് പറഞ്ഞു. ടിക്ക് ടോക്ക് വഴിയാണ് അത്തോളി സ്വദേശിയായ അജ്നാസ് എന്ന യുവാവിനെ 32കാരിയായ യുവതി പരിചയപ്പെടുന്നത്. യുവാവുമായി രണ്ട് വർഷത്തെ പരിചയമാണ് യുവതിയ്ക്ക് ഉള്ളതെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ ദിവസമാണ് അജ്നാസ് യുവതിയെ കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തുന്നത്. അജ്നാസും സുഹൃത്തും ചേർന്ന് റെയിൽവേ സ്റ്റേഷനിലെത്തിയ യുവതിയെ ഫ്ലാറ്റിൽ എത്തിച്ചു. അവിടെ വെച്ച് അജ്നാസ് ആണ് യുവതിയെ ആദ്യം പീഡിപ്പിക്കുന്നത്. തൊട്ടടുത്ത മുറിയിൽ അജ്നാസിന്റെ മൂന്ന് സുഹൃത്തുക്കൾ നേരത്തെ തന്നെ മുറിയെടുത്ത് താമസിച്ചിരുന്നു. യുവതിയ്ക്ക് മദ്യവും മയക്കുമരുന്നും നൽകി മയക്കിയ ശേഷം അജ്നാസിന്റെ മുറിയിലേക്ക് മൂവരും കയറിവന്ന് കൂട്ടമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മദ്യം നൽകിയ ശേഷം സിഗരറ്റിനകത്ത് ലഹരിവസ്തുക്കൾ നിറച്ച് നൽകി. യുവതി അബോധാവസ്ഥയിലായ ശേഷമായിരുന്നു കൂട്ട ബലാത്സംഗം. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. പീഡനത്തിന് പിന്നാലെ യുവതിയ്ക്ക് ശ്വാസം മുട്ടലുണ്ടായതിനെ തുടർന്ന് ബോധക്ഷയം സംഭവിച്ചു. യുവതി മരിക്കുമെന്ന് ഭയന്ന് ഇവർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രി അധികൃതരാണ് പോലീസിൽ വിവരം അറിയിക്കുന്നത്.
യുവതിയെ ആശുപത്രിയിലെത്തിച്ച ശേഷം നാല് പേരും മുങ്ങുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിൽ രണ്ട് പേർ പിടിയിലായത്. കേസിൽ രണ്ട് പേരെ ഇനിയും പിടികൂടാനായിട്ടില്ല. ക്രൂരമായ പീഡനമാണ് നേരിടേണ്ടി വന്നതെന്നാണ് യുവതിയുടെ മൊഴി. ശരീരത്തിൽ എല്ലായിടത്തും മുറിവുകൾ ഉണ്ടെന്നും യുവതി വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. അജ്നാസ് എന്നയാളാണ് തന്നെ വിളിച്ചുവരുത്തിയതെന്നും കൂടെ ഫഹദ് എന്നയാൾ ഉണ്ടായിരുന്നുവെന്നും പോലീസിൽ മൊഴി നൽകി.
കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് യുവാക്കളുടെ പേരും യുവതി പോലീസിനോട് പറഞ്ഞിട്ടുണ്ട്. സംഭവത്തിന് ശേഷം അത്തോളിയിൽ നിന്നും കാറിൽ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് അജ്നാസും ഫഹദും പിടിയിലാകുന്നത്. മറ്റുള്ളവരുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. അവരും വൈകാതെ പിടിയിലാകുമെന്ന് പോലീസ് വ്യക്തമാക്കി. പീഡനത്തിനിരയായ യുവതി വിവാഹമോചിതയാണ്.
Comments