തിരുവനന്തപുരം : അഫ്ഗാനിസ്താനിലെ താലിബാൻ അധിനിവേശത്തിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താലിബാൻ പഠിച്ചത് പാകിസ്താന്റെ മദ്രസകളിലാണെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അഫ്ഗാൻ വിഷയത്തിൽ കേന്ദ്രസർക്കാർ ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ മാദ്ധ്യമത്തോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അഫ്ഗാനിസ്താനിൽ ശരിഅത്ത് നിയമം നടപ്പാക്കുമെന്നാണ് താലിബാൻ വാദം. മനുഷ്യർ നിർമ്മിച്ച നിയമങ്ങളെ ശരിഅത്ത് നിയമങ്ങളെന്ന് വിളിക്കാൻ കഴിയില്ല. കാരണം ഖുറാനാണ് ശരിഅത്ത്. എന്നാൽ ഇന്ന് മനുഷ്യർ നിർമ്മിച്ച നിയമങ്ങളെയാണ് ശരിഅത്ത് വിളിക്കുന്നത്. ഓരോ മനുഷ്യന്റെയും വളർച്ചയ്ക്ക് ആകണം മതം നിലകൊള്ളേണ്ടത്. മതത്തിന്റെ പേരിൽ ആധിപത്യം നേടാൻ ശ്രമിക്കുന്നത് മതഭാന്താണെന്നും അദ്ദേഹം പറഞ്ഞു.
താലിബാൻ സർക്കാരുമായി കേന്ദ്രസർക്കാർ ചർച്ച നടത്തുന്നുണ്ട്. ശരിയായ ദിശയിലാണ് കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങൾ. ആഗോളതലത്തിൽ സമാധാനം നിലനിർത്തുന്നതിനും, മനുഷ്യാവകാശം സംരക്ഷിക്കുന്നതിനും ആവശ്യമായതെല്ലാം കേന്ദ്രം ചെയ്യുന്നുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.
എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. മതത്തിന്റെ പേരിൽ ആളുകളെ വേർതിരിക്കുന്നത് ഇത്തരം ആളുകൾ അവസാനിപ്പിക്കണം. ഇന്ത്യക്കാരെന്ന പേരിലാകണം നാം അറിയപ്പെടേണ്ടത്. ഇതിനായി ഇത്തരം ആളുകൾ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments