റായ്പൂർ : ഛത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി. ഗവർണർ അനുസുയ ഊക്കിയ്‌ക്ക് നിവേദനം നൽകി. സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തനങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി ആവശ്യപ്പെട്ട് ബിജെപി രംഗത്ത് വന്നത്.
ഭൂപേഷ് സർക്കാരിന്റെ ഭരണത്തിൽ തലസ്ഥാനം മുതൽ ഉൾമേഖലകളിൽ വരെ നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്ന് നിവേദനത്തിൽ പറയുന്നു. എന്നാൽ ഇതിൽ നടപടി സ്വീകരിക്കുന്നില്ല. ഇതിന് പകരം കുറ്റക്കാരെ സംരക്ഷിക്കുന്ന നയമാണ് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും നിവേദനത്തിൽ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തനം നടക്കുന്നതെന്ന് ബിജെപി എംഎൽഎ ബ്രിജ്‌മോഹൻ അഗർവാളും അഭിപ്രായപ്പെട്ടു.
അടുത്തിടെ ഗ്രാമനിവാസികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ പാസ്റ്ററെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കുറ്റം ചെയ്ത ഇയാളെ കേവലം ആരോപിതൻ എന്ന് മുദ്രകുത്തി രക്ഷിക്കാനുള്ള ശ്രമമാണ് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ബിജെപി ഗവർണർക്ക് നിവേദനം നൽകിയത്.
Comments