തിരുവനന്തപുരം: 45-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകള്‍ പ്രഖ്യാപിച്ചു. യദു വിജയകൃഷ്ണൻ സംവിധാനം ചെയ്ത ഭഗവദജ്ജുകം മികച്ച സംസ്കൃത സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. സംസ്‌കൃത നാടക കലാകാരന്‍ കിരൺരാജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഏഴാം നൂറ്റാണ്ടിലെ ബോധായനന്റെ നാടകത്തെ ആസ്പദമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
വിപിന്‍ ചന്ദ്രന്‍ ചിത്രത്തിന്റെ ക്യാമറയും പ്രദീപ് ചന്ദ്രന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. സംസ്‌കൃത നാടക സംവിധായക അശ്വതി വിജയനാണ് സംഭാഷണം ചിട്ടപ്പെടുത്തിയിരിക്കുന്നത്. കലാ സംവിധാനം അനില്‍ കാട്ടാക്കടയും വസ്ത്രാലങ്കാരം വിനിത കെ തമ്പാന്‍, മുരളീ ചന്ദ്ര എന്നിവര്‍ ചേര്‍ന്നുമാണ് നിര്‍വഹിച്ചിരിക്കുന്നത്. പുതുമുഖം ജിഷ്ണു വി നായരാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. മോഡല്‍ പാര്‍വതി. വി നായരാണ് നായിക. പ്രദീപ് കുമാര്‍, രശ്മി കൈലാസ്, ജ്വാല എസ് പരമേശ്വര്‍, ഷാരണി, രഘുനാഥ് സോപാനം എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.
അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. തേക്കിന്‍കാട് ജോസഫ്, ബാലന്‍ തിരുമല, ഡോ.അരവിന്ദന്‍ വല്ലച്ചിറ,പ്രൊഫ ജോസഫ് മാത്യു പാലാ, സുകു പാല്‍ക്കുളങ്ങര, എ.ചന്ദ്രശേഖര്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച് ചിത്രങ്ങള്‍ വരുത്തി ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്‌ക്കാരമാണ് ഫിലിം ക്രിട്ടിക്സ് അവാർഡുകള്‍.















