കോഴിക്കോട്: യാത്രക്കാരിയായ യുവതിയെ സ്വകാര്യ ബസ് ജീവനക്കാർ രാത്രിയിൽ മേൽപാതയിൽ ഇറക്കിവിട്ടതായി പരാതി. കോഴിക്കോട് തിക്കോടിയിലാണ് സംഭവം. കോഴിക്കോട്ട് ജോലി കഴിഞ്ഞ് തിക്കോടിയിലേക്ക് മടങ്ങിയ യുവതിയെയാണ് സ്വകാര്യ ബസ് ജീവനക്കാർ മേൽപാതയിൽ ഇറക്കിവിട്ടത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്തിയ കൃതിക ബസിലെ ജീവനക്കാരാണ് ക്രൂരതകാട്ടിയത്. തിക്കോടിയിലേക്ക് ടിക്കറ്റെടുത്ത യുവതിയെ ഗതാഗതക്കുരുക്ക് എന്ന് ന്യായം പറഞ്ഞ് പുതിയ ദേശീയ പാതയിലെ മേൽപ്പാലത്തിൽ ജീവനക്കാർ ഇറക്കിവിടുകയായിരുന്നു.
മേൽപാതയിൽ ഇറങ്ങിയ യുവതിക്ക് ഇരുട്ടിൽ താഴേക്ക് ഇറങ്ങാനുള്ള വഴി കണ്ടെത്താനായില്ല. ഏറെനേരം മേൽപാതയിൽ കുടുങ്ങിയ യുവതിയെ നാട്ടുകാരാണ് പിന്നീട് ശ്രദ്ധിച്ചത്. തുടർന്ന് ഏണി എത്തിച്ച് യുവതിയെ സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു.
സംഭവത്തിൽ യുവതി പയ്യോളി പൊലീസിൽ പരാതി നൽകി. ബസ് ജീവനക്കാർ യുവതിയെ മേൽപാതയിൽ ഇറക്കിവിട്ടത് എന്തുകൊണ്ടാണെന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. രാത്രി സമയത്ത് യാത്രക്കാരിയെ ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ട സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.















