തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാല മദ്യവില്‍പ്പനയില്‍ വന്‍ വര്‍ധന. ഓണം സീസണിലെ ആദ്യ മൂന്ന് ദിവസങ്ങളില്‍ മാത്രം 279.12 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്ലെറ്റുകള്‍ വഴി വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 250.96 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്. ഇത്തവണ 28.16 കോടി രൂപയുടെ അധിക വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിലും ബെവ്കോ ഔട്ട്ലെറ്റുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കണക്കുകള്‍ പ്രകാരം ശനിയാഴ്ച 102.28 കോടി രൂപയുടെ മദ്യം വിറ്റപ്പോള്‍ ഞായറാഴ്ച മാത്രം 88.98 കോടി രൂപയുടെ വില്‍പ്പന നടന്നു.
ഓണം ദിവസങ്ങള്‍ അടുക്കുന്നതോടെ വില്‍പ്പന ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍. ഓണം സീസണ്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ ബെവ്കോ ഔട്ട്ലെറ്റുകള്‍ വഴി 512.11 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 460.80 കോടി രൂപയായിരുന്നു വില്‍പ്പന. ഇതോടെ ഇത്തവണത്തെ വില്‍പ്പനയില്‍ 51.31 കോടി രൂപയുടെ വര്‍ധന രേഖപ്പെടുത്തി. ഔട്ട്ലെറ്റ് അടിസ്ഥാനത്തിലുള്ള കണക്കുകളിലും വന്‍ വില്‍പ്പനയാണ് രേഖപ്പെടുത്തിയത്.
90 ലക്ഷം രൂപയുടെ വില്‍പ്പനയുമായി പെരിന്തല്‍മണ്ണയാണ് മുന്നില്‍. തിരൂര്‍ 78 ലക്ഷം രൂപയുമായി രണ്ടാമതും ചാലക്കുടി, ചേര്‍ത്തല എന്നിവ 62 ലക്ഷം രൂപ വീതം വില്‍പ്പനയുമായി പിന്നാലെയുമുണ്ട്. ഓണം സീസണിലെ പ്രധാന ദിവസങ്ങള്‍ വരാനിരിക്കുന്നതിനാല്‍ ബെവ്കോ ഔട്ട്ലെറ്റുകളിലെ വില്‍പ്പന ഇനിയും ഉയര്‍ന്നേക്കുമെന്നാണ് കണക്കുകൂട്ടല്‍.















