ആഡംബര കപ്പൽ ടൂറിസം മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്റ് ടൂറിസം കോർപ്പറേഷൻ. രാജ്യത്ത് ആദ്യ തദ്ദേശീയ ആഡംബര ക്രൂയിസ് യാത്ര ഒരുക്കുന്ന ഐആർസിടിസി ബുക്കിംഗ് ആരംഭിച്ചു. ഈ മാസം 18 മുതലാണ് യാത്ര തുടങ്ങുന്നത്.
സഞ്ചാരികൾക്കായി റെസ്റ്റൊറെന്റുകൾ, ബാറുകൾ, സ്വിമ്മിംഗ് പൂളുകൾ, ഓപ്പൺ സിനിമാസ്, തീയേറ്റർ, കിഡ്‌സ് ഏരിയ, ജിംനേഷ്യം തുടങ്ങിയ സൗകര്യങ്ങൾ കപ്പലിൽ ഉണ്ടാകും. സ്വകാര്യ കമ്പനിയായ കോർഡേലിയ ക്രൂയിസുമായി സഹകരിച്ച് ഐആർസിടിസി ഒരുക്കുന്ന യാത്രക്കുള്ള ബുക്കിംഗ് ആണ് ആരംഭിച്ചിരിക്കുന്നത്.
മുംബൈ ആസ്ഥാനമാക്കി തുടങ്ങുന്ന പദ്ധതി ആദ്യ ഘട്ടത്തിൽ ആഭ്യന്തര വിനോദ കേന്ദ്രങ്ങളിലേക്കാണ് യാത്ര. ഗോവ, ലക്ഷദ്വീപ്, ദിയു, കൊച്ചി, ശ്രീലങ്ക എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങൾ യാത്രയിൽ ഉൾപ്പെടുന്നുണ്ട്. പിന്നീട് 2022 മെയ് മുതൽ കപ്പൽ ചെന്നൈയിൽ നിന്നും ശ്രീലങ്കയിലെ കൊളംബോ, ഗോലി, ട്രിങ്കോമാലി ജാഫ്‌ന തുടങ്ങിയ ഇടങ്ങളിലേക്ക് യാത്ര നടത്തും.
ആവശ്യമായ എല്ലാ അടിയന്തിര മെഡിക്കൽ വസ്തുക്കളും ഉൾക്കൊള്ളുന്ന ഒരു മെഡിക്കൽ സെന്ററും കപ്പലിനുള്ളിൽ ഉണ്ടാകും. കൊറോണ മുൻകരുതലുകൾ കൃത്യമായി പാലിച്ചാണ് യാത്ര. ക്രൂ അംഗങ്ങൾ എല്ലാവരും തന്നെ പൂർണ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചിട്ടുണ്ട്.
സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ച് കപ്പലിനുള്ളിൽ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തുമെന്ന് ഐആർസിടിസി അറിയിച്ചു. രാജ്യത്തെ എല്ലാ പ്രമുഖ ക്രൂസ് ലൈനറുമായും കരാറിലേർപ്പെടാനുള്ള തയ്യാറെടുപ്പിലാണ് കോർപ്പറേഷൻ. കൊറോണ സാഹചര്യം മാറുന്നതോടെ പദ്ധതി കൂടുതൽ വിപുലമാക്കുമെന്നാണ് പ്രതീക്ഷ. റെയിൽ ഗതാഗതം വഴിയുള്ള ടൂറിസം പദ്ധതികളാണ് ഐആർസിടിസി നടപ്പിലാക്കാറുളളത്. ആഗോള വമ്പൻമാരുടെ കുത്തകയായ ക്രൂയിസ് ടൂറിസത്തിലേക്ക് ആദ്യമായാണ് ഐആർസിടിസി ചുവടുവെയ്‌ക്കുന്നത്. അതിനാൽ വെല്ലുവിളികൾ ചെറുതല്ലെന്ന് ചുരുക്കം.














