ബഹിരാകാശ യാത്രകളെയും യാത്രക്കാരെയും വളരെ കൗതുകത്തോടെയും ആശ്ചര്യത്തോടെയുമാണ് എല്ലാവരും നോക്കി കാണുന്നത്. ഗവേഷണങ്ങൾക്കും പരിവേഷണങ്ങൾക്കുമായി സാധാരണയായി ശൂന്യാകാശ യാത്ര നടത്താറുള്ളത്. അടുത്തകാലത്തായി വിനോദ സഞ്ചാരമായും അപൂർവ്വം ചിലർ ബഹിരാകാശത്ത് കറങ്ങി. ഇവരെല്ലാം യാത്രയ്‌ക്ക് വേണ്ട ദീർഘ നാളത്തെ പരിശീലനം പൂർത്തിയാക്കിയാണ് ദൗത്യത്തിന് ഇറങ്ങിയത്. എന്നാൽ വെറും സാധാരണക്കാരായ 4 പേർ ഇന്ന് ബഹിരാകാശത്തേക്ക് വിനോദയാത്ര പുറപ്പെട്ടിരിക്കുകയാണ്.
ഭൂമിയ്‌ക്കും ചന്ദ്രനും പോലുള്ള ജ്യോതിർ ഗോളങ്ങൾക്കിടയിലുള്ള ശൂന്യമായ പ്രദേശമാണ് ബഹിരാകാശം അഥവാ ശൂന്യാകാശം. അതുകൊണണ്ടുതന്നെ എല്ലാം കൊണ്ടും മനുഷ്യന് വെല്ലുവിളികൾ നിറഞ്ഞതാണ് ബഹിരാകാശ യാത്രകൾ. ബഹിരാകാശ വിദഗ്ധർ അല്ലാത്ത നാലുപേരെയും വഹിച്ച് ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെൻററിൽ നിന്നും സ്‌പേസ് എക്‌സ് ഡ്രാഗൺ ക്യാപ്‌സ്യൂൾ ബഹിരാകാശത്തേക്ക് കുതിച്ചു.
വ്യാഴാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5.30 നായിരുന്നു വിക്ഷേപണം. സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റാണ് ഡ്രാഗൺ കാപ്‌സ്യൂളിനെ ബഹിരാകാശത്ത് എത്തിച്ചത്. ഇൻസ്പിരേഷൻ 4 എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിൽ 2 സ്ത്രീകളും 2 പുരുഷൻന്മാരുമടങ്ങുന്ന വിനോദസഞ്ചാര സംഘമാണ് ഉൾപ്പെടുന്നത്. യാത്രയക്കായി 200 മില്യൺ ഡോളർ ചിലവഴിക്കുന്നു.
മൂന്ന് ദിവസം ഭൂമിയെ വലം വെയ്‌ക്കുന്ന സംഘം ശനിയാഴ്ച മടങ്ങിയെത്തും. ജേർഡ് ഐസക്മാൻ, ഹെയ്ലി ആഴ്സെനോക്സ്, സിയാൻ പ്രോക്ടർ, ക്രിസ് സെംബ്രോസ്‌കി തുടങ്ങിയവരാണ് സംഘാംഗങ്ങൾ. ഏറെ ആവേശത്തോടെയാണ് ലോകം ഇൻസ്പിരേഷൻ 4 ദൗത്യത്തെ നോക്കിക്കാണുന്നത്.
ദൗത്യസംഘത്തിലെ ഹെയ്‌ലി ജോലി ചെയ്യുന്ന ആശുപത്രിക്കായി 20 കോടി അമേരിക്കൻ ഡോളർ സമാഹരിക്കുക എന്നതാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം. ഇവർ തിരിച്ചുവന്ന് ഇവർ ബഹിരാകാശത്ത് എത്തിച്ച വസ്തുക്കൾ ലേലം ചെയ്താണ് ഈ തുക കണ്ടെത്തുക. ഒരു സ്വകാര്യ സ്ഥാപനം നടത്തുന്ന ആദ്യത്തെ സ്‌പേസ് ടൂറിസം പദ്ധതി ആയിരിക്കുകയാണ് ഇൻസ്പിരേഷൻ 4. കൂടുതൽ പേർക്ക് ഈ മേഖലയിലേക്ക് കടന്നുവരാനുള്ള ഒരു ഇൻസ്പിരേഷൻ തന്നെയാണ് സ്‌പേസ് എക്‌സിന്റെ ഉദ്യമം.














