റാഞ്ചി: സ്കൂളുകളിൽ ക്ലാസുകൾ പുനരാരംഭിക്കാനൊരുങ്ങി ജാർഖണ്ഡ് സർക്കാർ. സെപ്തംബർ 20 മുതലാണ് ക്ലാസുകൾ പുന:രാരംഭിക്കുക. 6 മുതൽ 8 ാം ക്ലാസ് വരെയുളള വിദ്യാർത്ഥികൾക്കാണ് ക്ലാസുകൾ ആരംഭിക്കുന്നത്. കൊറോണ കേസുകൾ തുടർച്ചയായ കുറവുണ്ടായതിനാലാണ് ക്ലാസുകൾ പുന:രാരംഭിക്കാൻ സർക്കാർ അനുമതി നൽകിയത്.
കൊറോണ പ്രോട്ടോക്കോളുകൾ അനുസരിച്ച് സംസ്ഥാന സർക്കാർ സ്കൂളുകൾക്ക് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ നൽകിയിട്ടുണ്ട്. ജാർഖണ്ഡ് ദുരന്തനിവാരണ വിഭാഗംപുറപ്പെടുവിച്ച നോട്ടീസ് അനുസരിച്ച് സ്കൂളുകളിൽ ഓൺലൈനിലും ഓഫ് ലെെനിലും ക്ലാസുകൾ നടത്താം. ഓഫ് ലെെൻ ക്ലാസുകളിൽ വിദ്യാർത്ഥികൾക്ക് ഹാജർ നിർബന്ധമല്ല. കൂടാതെ വിദ്യാർത്ഥികൾക്ക് ഓഫ് ലെെൻ ക്ലാസുകൾ തിരഞ്ഞെടുക്കുന്നതിന് രക്ഷിതാവിന്റെ മുൻകൂർ അനുമതി നിർബന്ധമാണ് .
സാമൂഹിക അകലം പാലിക്കുന്നതിനായി എല്ലാ സ്കൂളുകളിലും ഗ്രൂപ്പ് പ്രവർത്തനങ്ങളും പരീക്ഷകളും നിരോധിച്ചിരിക്കുകയാണ്. എല്ലാ വിദ്യാർത്ഥികളും ജീവനക്കാരും നിർബന്ധമായ മാസ്ക്കുകൾ ധരിക്കണം. ക്ലാസുകൾ തുടങ്ങുന്നതിന് മുമ്പ് തന്നെ എല്ലാ അധ്യാപകർക്കും വാക്സിനുകൾ നിർബന്ധമായും നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
സ്കൂളുകളിൽ എയർ കണ്ടീഷനിംഗിന്റെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നാണ് നിർദ്ദേശം. പകരം ശുദ്ധവായുസഞ്ചാരം ഉളള സ്ഥലങ്ങളിൽ ക്ലാസുകൾ നടത്തണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. അതോടൊപ്പം ക്ലാസുകൾ നാല് മണിക്കൂറിൽ കൂടാനും പാടില്ല. ഉച്ചയ്ക്ക് 12 മണിവരെയാണ് ക്ലാസുകൾ നടത്താൻ അനുമതി.
Comments