ഛണ്ഡീഗഡ് : പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവജോത് സിംഗ് സിദ്ധുവിനെതിരായ അമരീന്ദർ സിംഗിന്റെ പരാമർശത്തിൽ സോണിയാ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി. പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി സിദ്ധുവിന് ബന്ധമുണ്ടെന്ന ആരോപണം അതീവ ഗൗരവമേറിയതാണെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സിദ്ധു രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാണെങ്കിൽ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും എന്തിനാണ് പിന്തുണയ്‌ക്കുന്നത്. ദേശവിരുദ്ധനെന്ന് വിളിച്ച് സിദ്ധുവിനെതിരെ അമരീന്ദർ സിംഗ് ഗുരുതര ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. സംഭവത്തിൽ ഹൈക്കമാന്റ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെയായിരുന്നു സിദ്ധുവിനെതിരായ അമരീന്ദർ സിംഗിന്റെ പരാമർശം. സിദ്ധു പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അടുത്ത സുഹൃത്താണെന്നായിരുന്നു അമരീന്ദർ സിംഗ് പറഞ്ഞത്. ജനറൽ ബജ്‌വയുമായും സിദ്ധുവിന് ബന്ധമുണ്ട്. സംസ്ഥാനത്തേക്ക് ദിവസവും പാകിസ്താനിൽ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും എത്തുന്നുണ്ട്. അതുകൊണ്ടുതന്നെ സിദ്ധുവിനെ മുഖ്യമന്ത്രിയാകാൻ അനുവദിക്കില്ല. ദേശ സുരക്ഷയെ മുൻനിർത്തി മുഖ്യമന്ത്രിയാകാനുള്ള സിദ്ധുവിന്റെ നീക്കങ്ങൾ ചെറുക്കുമെന്നും അമരീന്ദർ പറഞ്ഞിരുന്നു.
Comments