ഛണ്ഡീഗഡ് : പഞ്ചാബിൽ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തതിന് പിന്നാലെ പ്രതികരണവുമായി അമരീന്ദർ സിംഗ്. പുതിയ മുഖ്യമന്ത്രി ചരൺജീത് സിംഗ് ചന്നി പഞ്ചാബിന്റെ അതിർത്തി സുരക്ഷിതമായി കാക്കാൻ കഴിയട്ടെയെന്ന് അമരീന്ദർ പറഞ്ഞു. ചരൺജീതിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷം ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ചരൺജീതിന് ആശംസകൾ. അതിർത്തിയിൽ സുരക്ഷ ഉറപ്പാക്കി പഞ്ചാബിനെയും ജനങ്ങളെയും കാക്കാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമരീന്ദർ ട്വീറ്റ് ചെയ്തു.
കാർഷിക നിയമങ്ങളുടെ പേരിൽ സമരം ചെയ്യുന്നതിനിടെ മരിച്ചവരുടെ ആശ്രിതർക്ക് ജോലി നൽകാൻ കഴിയാത്തതിൽ ഖേദമുണ്ട്. ചരൺജീത് ഇതെല്ലാം പൂർത്തിയാക്കുമെന്നാണ് കരുതുന്നത്. കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവർക്കൊപ്പം തുടർന്നും നിലകൊള്ളുമെന്നും അമരീന്ദർ ട്വീറ്റ് ചെയ്തു.
പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവജോത് സിംഗ് സിദ്ധുവിന്റെ അടുപ്പക്കാരനാണ് ചരൺജീത്. ഇതിന്റെ പശ്ചാത്തലത്തിലാണ് അമരീന്ദറിന്റെ പരാമർശം. അമരീന്ദർ പക്ഷക്കരനായ സുഖ്ജിന്ദർ സിംഗ് രൺദാവ മുഖ്യമന്ത്രിയാകുമെന്നാണ് വൈകീട്ടുവരെ പുറത്തുവന്നിരുന്ന സൂചനകൾ. എന്നാൽ ഹൈക്കമാന്റ് ചിരൺജീതിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു. നവജോത് സിംഗ് സിദ്ധുവിന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ബന്ധമുണ്ടെന്നാണ് അമരീന്ദർ പറയുന്നത്.
Comments