തിരുവനന്തപുരം : ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ബിജെപി പ്രവർത്തകർ ആശംസാ കാർഡുകൾ അയക്കും. സെപ്തംബർ 17 മുതൽ ഒക്ടോബർ 7 വരെയുള്ള സേവാ സമർപ്പൺ അഭിയാന്റെ ഭാഗമായാണ് കാർഡുകൾ അയക്കുന്നത്. തിങ്കളാഴ്ച മുതൽ എല്ലാ ബൂത്തുകളിൽ നിന്നും കാർഡുകൾ അയക്കുമെന്ന് ബിജെപി അറിയിച്ചു.
സൗജന്യ വാക്സിനും സൗജന്യ റേഷനും ഉൾപ്പെടെയുള്ള ക്ഷേമ പദ്ധതികൾ നടപ്പാക്കിയതിന് നന്ദി അറിയിച്ചും ജന്മദിന ആശംസകൾ അർപ്പിച്ചുമാണ് ബിജെപി പ്രവർത്തകർ പ്രധാനമന്ത്രിക്ക് ആശംസാ കാർഡുകൾ അയക്കുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തിരൂർ പോസ്റ്റോഫീസിൽ ആശംസാ സന്ദേശം അയച്ച് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ നിർവഹിക്കും. പ്രമുഖ വ്യക്തികളെയും സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെയും പ്രചരണത്തിൽ പങ്കാളികളാക്കും. മറ്റു നേതാക്കൾ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ പരിപാടിയുടെ ഭാഗമാവും.
തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും കണ്ണൂരിൽ പി.കെ. കൃഷ്ണദാസും നേതൃത്വം നൽകും. കാസർഗോഡ് എ.പി. അബ്ദുള്ളക്കുട്ടി,കോഴിക്കോട് എം.ടി. രമേശ്, പാലക്കാട് സി.കൃഷ്ണകുമാർ, തൃശ്ശൂർ എ.എൻ. രാധാകൃഷ്ണൻ, എറണാകുളം ഡോ.കെ.എസ്. രാധാകൃഷ്ണൻ, പത്തനംതിട്ട പി.സുധീർ, കൊല്ലത്ത് ജോർജ് കുര്യൻ എന്നിവർ പങ്കെടുക്കും.
Comments