പാലക്കാട്: യഥാസമയം വിദഗ്ധ ചികിത്സ ലഭിക്കാതെ അട്ടപ്പാടിയിൽ ഒരു രോഗി കൂടി മരിച്ചു.അഗളി ഭൂതിവഴി സ്വദേശി കുപ്പുസ്വാമി (65) ആണ് മരിച്ചത്.കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് മണ്ണാർക്കാട്ടേക്ക് കൊണ്ടു പോകും വഴിയാണ് മരണം.വിദഗ്ധ ചികിത്സയ്‌ക്ക് കൊണ്ടു പോകുന്നതിനായി അട്ടപ്പാടിയിൽ അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലൻസില്ലാത്തതാണ് രോഗി മരിക്കാനിടയാക്കിയത്.
കൂപ്പുസ്വാമിയുടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് വിദഗ്ധചികിത്സയ്‌ക്കായി രോഗിയെ കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശം ലഭിച്ചിരുന്നു. എന്നാൽ
കോട്ടത്തറ ട്രെബൽ സ്‌പെഷാലിറ്റി ആശുപത്രിയിൽ എ.എൽഎസ് ആംബുലൻസ് സൗകര്യം ലഭ്യമല്ല. ഇതിനെ തുടർന്ന് മണ്ണാർക്കാട് നിന്നും സ്വകാര്യ എ.എൽ.എസ്. ആംബുലൻസ് എത്തിയ ശേഷമാണ് കോവിഡ് രോഗിയായ കുപ്പുസ്വാമിയെ വിദഗ്ധ ചികിത്സയ്‌ക്കായി മാറ്റിയത്.
കഴിഞ്ഞ ഏഴു മാസത്തിനിടെ അട്ടപ്പാടിയിൽ വെന്റിലേറ്റർ സൗകര്യമില്ലാത്ത ആംബുലൻസിന്റെ അഭാവത്തിൽ മരിച്ചത് 11 രോഗികളാണ്. സമാനരീതിയിൽ മാസങ്ങൾക്ക് മുൻപ് നവജാതശിശുമരിച്ചത് ഏറെ പ്രതിഷേധത്തിന് കാരണമായിരുന്നു.ഇതേ തുടർന്ന അട്ടപ്പാടിയിലെ 3 പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തും ചേർന്ന് ആംബുലൻസ് വാങ്ങാനുള്ള തീരുമാനമെടുത്തിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും തീരുമാനം കടലാസിലൊതുങ്ങി.അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലൻസിന്റെ അഭാവത്തിൽ നിരവധി ജീവനുകൾ വഴിമധ്യേ മരിച്ചിട്ടും അട്ടപ്പാടിക്കാരുടെ ആവശ്യത്തിന് മുൻപിൽ സർക്കാർ മുഖം തിരിക്കുകയാണ്.
Comments