പനാജി: കോൺഗ്രസിനോട് വിട പറയാൻ മറ്റൊരു ഉന്നത കോൺഗ്രസ് നേതാവും. മുൻ ഗോവ മുഖ്യമന്ത്രി ലുസീഞ്ഞോ ഫലേറോയാണ് പാർട്ടി വിടുന്നത്. അദേഹം എംഎൽഎ സ്ഥാനം രാജിവച്ചു. രാജിക്കത്ത് ഗോവ നിയമസഭാ സ്പീക്കർ രാജേഷ് പട്നേകർക്ക് സമർപ്പിച്ചു.
അദേഹം തൃണമൂൽ കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെടുന്നുണ്ടെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഉടൻ തന്നെ തൃണമൂലിൽ ചേർന്നേക്കും. കഴിഞ്ഞ കുറച്ച് നാളുകളായി കോൺഗ്രസ് ദേശീയ നേതൃത്വത്തോട് ഇടഞ്ഞ് നിൽക്കുകയാണ് ഫലേറോ. കോൺഗ്രസിൽ നിന്ന് തനിക്ക് മോശമായ അനുഭവമാണ് ഉണ്ടായതെന്ന് ലുസീഞ്ഞോ പറഞ്ഞു.
സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവായ അദേഹം നവേലിം മണ്ഡലത്തിൽ നിന്നാണ് നിയമസഭയിലെത്തിയത്. രണ്ട് തവണ ഗോവ മുഖ്യമന്ത്രിയായിട്ടുണ്ട്. അടുത്ത വർഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗോവയിൽ മുതിർന്ന അംഗത്തിന്റെ പുറത്തുപോക്കൽ കോൺഗ്രസിന് വലിയ തിരിച്ചടിയായിട്ടുണ്ട്.
നിരവധി പാർട്ടി പ്രവർത്തകരും അദേഹത്തോടൊപ്പം പാർടി വിടുന്നുണ്ട്. 2012ൽ ഗോവയിൽ അധികാരത്തിലെത്തിയ ബിജെപി 2017ലും നിലനിർത്തി. വരുന്ന തെരഞ്ഞെടുപ്പിലും ബിജെപി തന്നെ അധികാരം നേടുമെന്ന് വിവിധ അഭിപ്രായ സർവേകൾ വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് തകർന്നടിയുമെന്നും സർവേകൾ പ്രവചിക്കുന്നു.
Comments