ചണ്ഡീഗഡ് : പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് കോൺഗ്രസ് വിടുമെന്ന് സൂചന. ഡൽഹിയിൽ എത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ഇന്ന് ഉച്ചയോടെ അദ്ദേഹം ഡൽഹിയിലേക്ക് തിരിക്കും.
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ കോൺഗ്രസ് നേതൃത്വവുമായി അമരീന്ദർ സിംഗ് ഇടഞ്ഞു നിൽക്കുകയായിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം കോൺഗ്രസ് വിടുമെന്ന അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. ഇതിനിടെയാണ് അദ്ദേഹം ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ ഒരുങ്ങുന്നത്. ഇക്കഴിഞ്ഞ 18ാം തീയതിയാണ് അമരീന്ദർ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്.
പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവജോത് സിംഗ് സിദ്ധു ഇടപെട്ടാണ് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും അമരീന്ദർ സിംഗിനെ മാറ്റിയത്. മുഖ്യമന്ത്രിയായി അമരീന്ദർ സിംഗ് തുടരുന്നതിൽ അതൃപ്തി അറിയിച്ച് നവജോത് സിംഗ് സിദ്ധുവിനെ പിന്തുണയ്‌ക്കുന്ന 40 എംൽഎമാർ നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. ഇതോടെയാണ് നേതൃത്വം സിദ്ധുവിന്റെ അടുപ്പക്കാരൻ കൂടിയായ ചിരൺജീത് സിംഗ് ചന്നിയെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.
Comments