മാട്രിഡ് : സ്‌പെയിനിൽ അറ്റ്‌ലാന്റിക് സമുദ്രത്തെ ലാവ വിഴുങ്ങുന്നു. ലാ പൽമ ഐലന്റിലെ കുംബ്രെ വീജ അഗ്നിപർവ്വതത്തിൽ നിന്നുള്ള ലാവ പ്രവാഹം നിലക്കാതെ വന്നതോടെ അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് ഒലിച്ചിറങ്ങാൻ ആരംഭിച്ചു. വെള്ളവും ലാവയും ചേരുമ്പോഴുണ്ടാകുന്ന രാസ പ്രവർത്തനത്തിന്റെ ഫലമായി പ്രദേശത്തെ വായു വിഷമയമായിരിക്കുകയാണ്.
ഈ മാസം 19 മുതലാണ് വീജ അഗ്നിപർവ്വതത്തിൽ നിന്നും ലാവ പുറത്തേക്ക് വരാൻ ആരംഭിച്ചത്. ബുധനാഴ്ചയോടെ ഒഴുകി അറ്റ്‌ലാന്റിക് സമുദ്ര തീരത്ത് എത്തി. പല്യാ നുയേവ മേഖലയിലാണ് ലാവ സമുദ്രത്തിലേക്ക് ഒലിച്ചിറങ്ങിയത്. ലാവാ പ്രവാഹത്തിൽ 100 ഓളം വീടുകൾ പൂർണമായും 650 ഓളം വീടുകൾ ഭാഗീകമായും തകർന്നു. മുൻകരുതലിന്റെ ഭാഗമായി പ്രദേശത്തെ 6,000 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് സർക്കാർ മാറ്റി. 2.7 ചതുരശ്ര കിലോമീറ്ററിൽ ലാവ വ്യാപിച്ചു കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ലാവ ഒലിച്ചിറങ്ങാനുള്ള സാദ്ധ്യത കണക്കിലെടുത്ത് മേഖലയിലെ മൂന്ന് ഗ്രാമങ്ങളിൽ അധികൃതർ നേരത്തെ ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. ഇനിയൊരു നിർദ്ദേശമുണ്ടാകുന്നതുവരെ വീടിന് പുറത്തേക്ക് ഇറങ്ങരുതെന്നാണ് ഇവർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. രാസപ്രവർത്തനത്തിന്റെ ഫലമായി ഉണ്ടാകുന്ന പുക ശാരീരിക അസ്വസ്ഥതകൾക്കും മരണത്തിനുംവരെ കാരണമാകാം. ഈ സാഹചര്യത്തിലാണ് ഗ്രാമങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തിയത്.
അതേസമയം ദുരന്ത ബാധിതർക്ക് ധനസഹായം നൽകുമെന്ന് സ്പാനിഷ് സർക്കാർ അറിയിച്ചു. അടുത്ത ദിവസം തന്നെ സ്പാനിഷ് പ്രധാനമന്ത്രി പെട്രോ സാഞ്ചെസ് ഐലന്റ് സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Comments