ലക്‌നൗ : പോലീസുകാരുടെ മർദ്ദനത്തിന് ഇരയായി വ്യവസായി കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഉത്തർപ്രദേശ് സർക്കാർ. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ഗോരക്പൂർ സ്വദേശി മനീഷ് ഗുപ്തയെയാണ് പോലീസുകാർ ക്രൂരമായി കൊലപ്പെടുത്തിയത്.
സംഭവത്തിൽ സിബിഐ അന്വേഷണം നടത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. നിലവിൽ കേസ് അന്വേഷണം ഗോരക്പൂർ പോലീസിലെ പ്രത്യേക സംഘത്തിനാണ്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മനീഷ് ഗുപ്തയെ ഹോട്ടലിൽ പരിശോധനയ്‌ക്കെത്തിയ ആറംഗ പോലീസ് സംഘം മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ വ്യവസായിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ കുറ്റക്കാരായ ആറ് പേരെയും പോലീസ് സേനയിൽ നിന്നും സർക്കാർ പിരിച്ചുവിട്ടിരുന്നു.
അതേസമയം മനീഷിന്റെ ഭാര്യയ്‌ക്ക് സർക്കാർ ജോലി നൽകാനും തീരുമാനമായിട്ടുണ്ട്. കാൻപൂർ ഡെവലപ്‌മെന്റ് അതോറിറ്റിയിലാകും ജോലി നൽകുക. ഇതിന് പുറമേ 40 ലക്ഷം രൂപയും നൽകും.
Comments