തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ വീട്ടുകരം തട്ടിച്ചവർക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗൺസിലർമാർ നടത്തുന്ന സമരം തണുപ്പിക്കാൻ ശ്രമം. നേമം സ്റ്റേഷനിൽ എഫ്ഐആർ ഇട്ട് കേസെടുത്താണ് സമരം തണുപ്പിക്കാൻ സിപിഎം ഒത്താശയോടെ പോലീസ് നീക്കം നടത്തിയത്. എന്നാൽ കർശന നടപടി സ്വീകരിക്കുന്നത് വരെ സമരം തുടരുമെന്ന് ബിജെപി വ്യക്തമാക്കി.
നാല് ദിവസമായി രാപ്പകൽ തുടരുന്ന ബിജെപി സമരത്തിന് ജനപിന്തുണ ഏറിവരുന്ന സാഹചര്യത്തിലായിരുന്നു ഈ നീക്കം. നേമം, ആറ്റിപ്ര, ശ്രീകാര്യം ഉൾപ്പടെയുള്ള സോണൽ ഓഫീസുകളിലെത്തിയ വീട്ടുകരം ഉൾപ്പടെയുള്ള നികുതിപ്പണം ബാങ്കുകളിൽ എത്താതെ തിരിമറി നടത്തിയ കുറ്റക്കാർക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ടാണ് ബിജെപി സമരം ആരംഭിച്ചത്. പേരിന് കേസെടുത്തത് കൊണ്ടു മാത്രം സമരം അവസാനിപ്പിക്കില്ലെന്നും തുടരുമെന്നും നഗരസഭ പ്രതിപക്ഷനേതാവ് എംആർ ഗോപൻ പറഞ്ഞു.
ഹെൽപ്പ് ഡെസ്ക് ഉൾപ്പടെ മറ്റ് ആവശ്യങ്ങൾ അംഗീകരിക്കും വരെ പ്രതിഷേധം തുടരും.
തെളിവുകൾ നശിപ്പിക്കാനാണ് കാലതാമസം വരുത്തി കേസെടുത്തതെന്നും ബിജെപി ആരോപിച്ചു. തെളിവുകൾ നശിപ്പിച്ചശേഷമാണ് നിസാരവകുപ്പുകൾ ചുമത്തി കുറ്റക്കാർക്കെതിരെ കേസെടുത്തത്.
വീട്ടുകരം കുടിശിഖയുള്ളവരുടെ പേരും, വീട്ടുനമ്പരും, തുകയും വാർഡുതലത്തിൽ പ്രസിദ്ധീകരിക്കുക, ജനങ്ങൾക്ക് അടിയന്തിരമായി തങ്ങളുടെ രേഖകൾ പരിശോധിക്കുവാനുള്ള ഹെൽപ്പ് ഡെസ്കുകൾ ആരംഭിക്കുക, സോണൽ ഓഫീസുകളിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുവാനുള്ള നടപടികൾ ഉടൻ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബിജെപി കൗൺസിലർമാർ പ്രതിഷേധം ആരംഭിച്ചത്.
Comments