പാലങ്ങൾ എന്നാൽ വളരെ ഉറപ്പുള്ള വസ്തുക്കൾ കൊണ്ട് നിർമ്മിക്കേണ്ടവയാണ്. എന്നാൽ വെറും കൈകൊണ്ട് പുല്ല് മാത്രം ഉപയോഗിച്ച് ഒരു പാലം നിർമ്മിക്കാൻ സാധിക്കുമോ? സംഗതി പുല്ല് പോലെ സാധിക്കുമെന്ന്് ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിലെ കാനാസ് പ്രവശ്യക്കാർ തെളിയിക്കുന്നു.
സഞ്ചാരികളെ ഇവിടെ ഏറ്റവും കൂടുതൽ ആകർഷിയ്ക്കുന്ന ഒന്നാണ് ഇവിടുത്തെ പുല്ലു പാലങ്ങൾ. പൊട്ടിത്താഴെ വീഴില്ലേ എന്ന് ആശങ്കപ്പെടേണ്ട സാഹചര്യവുമില്ല. ആനയെ വരെ കൊണ്ടുപോകാൻ തക്ക ബലമുള്ള പാലമാണിത്. ഇൻകാ സംസ്കാരത്തിന്റെ ഭാഗമായ ഗോത്രവർഗക്കാരുടെ പ്രത്യേക സാങ്കേതിക വിദ്യയാണ് ഈ പാലത്തിന്റെ നിർമ്മാണ രീതിയുടെ രഹസ്യം. സിവിൽ എൻജിനീയറിംഗ് വിദഗ്ധർ വരെ ശിരസ്സ് നമിക്കുകയാണ് ഈ സാങ്കേതിക വിദ്യയ്ക്ക് മുന്നിൽ.
പെറുവിൽ ധാരാളം ലഭ്യമായിരുന്ന ‘ഇച്ചു’ എന്നൊരിനം പുൽച്ചെടിയാണ് പാല നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. വലിയ കെട്ടുകളാക്കിയാൽ നല്ല ബലം ലഭിക്കുമെന്ന് മനസിലായതോടെയാണ് ഗോത്രവർഗ്ഗക്കാർ പാലനിർമ്മാണത്തിനായി ഇച്ചു പുല്ല് ഉപയോഗിക്കാൻ തുടങ്ങിയത്. പെറുവിലെ അപുരുമാക് നദിയ്ക്ക് കുറുകെ 100 അടി ഉയരത്തിലുള്ള പാലവും ഇതേ പുല്ല് ഉപയോഗിച്ച് തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. ക്വിസ്വാ ചക്ക പാലം എന്നാണ് ഈ പാലത്തെ അറിയപ്പെടുന്നത്.
600 വർഷം പഴക്കമുള്ള ഈ പാലം പൂർണമായും കൈകൾ കൊണ്ടാണ് നിർമ്മിച്ചിരിയ്ക്കുന്നത്. 2013-ൽ ലോക പൈതൃക സൈറ്റായി ഇൻക സാമ്രാജ്യത്തിലെ ക്വിസ്വാ പാലത്തെ പ്രഖ്യാപിച്ചു. പെറുവിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളെയും പട്ടണങ്ങളെയും ബന്ധിപ്പിക്കുന്ന നെറ്റ് വർക്കിന്റെ ഭാഗമായിരുന്നു ക്വിസ്വാ ചക്ക പാലം.
ആൻഡീസ് പർവ്വത നിരകളിലൂടെ തങ്ങളുടെ സാമ്രാജ്യം വിപുലമാക്കാനാണ് 40,000 കിലോമീറ്റർ നീളുള്ള റോഡ് ശൃംഖല ഉണ്ടാക്കിയത്. ഇതിനായി ആൻഡിസ് മലനിരകളെ ബന്ധിപ്പിച്ച് നൂറ് കണക്കിന് പാലങ്ങൾ നിർമ്മിക്കേണ്ടി വന്നു. സിമന്റും കമ്പിയും ലഭ്യമല്ലാതിരുന്ന കാലത്ത് ഭൂപ്രകൃതി അനുസരിച്ച് ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചായിരുന്നു നിർമ്മാണം. പിന്നീട് 17-ാം നൂറ്റാണ്ടിൽ സ്പാനിഷ് അധിനിവേശത്തിൽ ഇവയിൽ മിക്കതും പൊളിക്കപ്പെട്ടു. അവശേഷിച്ചവ ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു. ഇൻകാ സംസ്കാരത്തിന്റെ ഓർമ്മയ്ക്കായാണ് ഇന്നും ഈ പാലം സംരക്ഷിക്കുന്നത്.
വർഷം തോറും ജീവൻ പണയം വെച്ചാണെങ്കിൽ കൂടി ഇവർ ഈ പാലങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. എല്ലാ വർഷവും ജൂണിൽ വലിയ ആഘോഷമായാണ് പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുക. പഴയ പാലം നദിയിലേക്ക് മറിച്ചിടുകയാണ് ചെയ്യുന്നത്. എന്നിട്ട് ആദ്യം മുതൽ പാലം നിർമ്മിച്ച് തുടങ്ങും. ഇച്ചു ചെടികൾ വെച്ചുള്ള നിരവധി പാലങ്ങൾ പെറുവിൽ ചെന്നാൽ കാണാൻ സാധിക്കും. മലയിടുക്കുകൾക്കും നദികൾക്കും കുറുകെ നിർമ്മിച്ചിരിയ്ക്കുന്ന ഇത്തരം പാലങ്ങൾ യാത്രകൾ സുഗമമാക്കാൻ ഇപ്പോഴും ആശ്രയിക്കുന്നു.
ഇച്ചു എന്നയിനം പുല്ല് പറിച്ചെടുത്ത് വെള്ളത്തിൽ കുതിർത്ത് നന്നായി ചതച്ച് ഉണക്കിയാണ് നിർമ്മാണത്തിന് ഉപയോഗിക്കുക. സ്ത്രീകളാണ് ഈ ജോലി ചെയ്യുക. എല്ലാ വീട്ടുകാരും ഈ പുല്ലുപയോഗിച്ച് ചെറു കയറുകൾ നിർമ്മിക്കുന്നു. ഈ ചെറുകയറുകൾ പിരിച്ച് ഉണ്ടാക്കുന്ന , ഒരടിയോളം വ്യാസമുള്ള അഞ്ച് ഭീമൻ വടങ്ങളാണ് പാലത്തിന്റെ പ്രധാന ഭാഗങ്ങൾ. മൂന്നെണ്ണം നടക്കുന്ന ഭാഗത്തിനായും രണ്ടെണ്ണം കൈവരികൾക്കായും ഉപയോഗിക്കും.
ഇവ രണ്ടറ്റത്തും ഉറപ്പിച്ച ശേഷം ധീരന്മാരായ യുവാക്കൾ ഈ വടങ്ങളിലൂടെ സഞ്ചരിച്ച് ചെറു കയറുകൾ ഉപയോഗിച്ച് വടങ്ങളെ ബന്ധിപ്പിച്ച് പാലം ബലപ്പെടുത്തി സഞ്ചാര യോഗ്യമാക്കും. അതിന് ശേഷം ചൊക്കായ്വാ എന്ന വിഭാഗക്കാർ ഇലകളും കമ്പുകളും ഉപയോഗിച്ച് പാലത്തിലൂടെയുള്ള നടപ്പ് സുഗമമാക്കും. പാലം പൊളിക്കുന്നതിനും പുതിയത് നിർമ്മിക്കുന്നതിനും ആചാരപ്രകാരമുള്ള നിരവധി ചടങ്ങുകളുണ്ട്. പാലം നിർമ്മാണം ഇവിടെ വലിയ ഉത്സവമായാണ് നടത്തുന്നത്. ഇത് കാണാനായി വിദേശത്ത് നിന്നുപോലും പലരും എത്താറുമുണ്ട്.
Comments