ന്യൂഡൽഹി : കശ്മീരിൽ ആക്രമണം നടത്തുന്ന ഭീകർക്കെതിരെ ശക്തമായ തിരിച്ചടി നൽകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതിനായി കേന്ദ്രത്തിന്റെ പ്രത്യേക സേനയെ കശ്മീരിലേക്ക് അയച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിവനിടെ നാല് ഭീകരാക്രമണങ്ങളാണ് സാധാരണക്കാർക്ക് നേരെ നടന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷാ ഉത്തരവ് പുറപ്പെടുവിച്ചത്.
ലഷ്കർ ഇ ത്വായ്ബയുടെ അനുബന്ധ സംഘടനയായ ദി റസിസ്റ്റൻസ് ഫോഴ്സ് ആണ് കശ്മീരിൽ ഭീകരാക്രമണം നടത്തിയത്. രണ്ട് ദിവസമായി നടന്ന വെടിവെപ്പിൽ കശ്മീരി പണ്ഡിറ്റും സ്കൂൾ അദ്ധ്യാപകരുമുൾപ്പെടെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ആക്രമണങ്ങൾക്ക് പിന്നാലെ കശ്മീരിൽ അഞ്ച് മണിക്കൂർ നീണ്ട അടിയന്തിര യോഗമാണ് അമിത് ഷായുടെ നേതൃത്വത്തിൽ നടന്നത്. ഭീകരാക്രമണങ്ങൾക്കെതിരെ ശക്തമായ മറുപടി നൽകണമെന്നാണ് അമിത് ഷായുടെ നിർദ്ദേശം.
ഇന്റലിജൻസ് ബ്യൂറോയുടെ സിടി ഓപ്പറേഷൻസ് മേധാവി തപൻ ദേഖ ഇന്ന് കശ്മീരിലേക്ക് പോകും. പ്രദേശത്തെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം കേന്ദ്ര ഭരണപ്രദേശത്ത് എത്തുന്നത്. അതേസമയം ദേശീയ സുരക്ഷാ ഏജൻസിയുടെ സിടി സംഘം കശ്മീരിൽ എത്തിയിട്ടുണ്ട്. ഭീകരർക്ക് വേണ്ടിയുള്ള പരിശോധനയും പുരോഗമിക്കുകയാണ്.
കശ്മീരിൽ നടന്ന ഭീകരാക്രമണങ്ങൾക്ക് പിന്നിൽ പാകിസ്താൻ ആണെന്നാണ് രഹസ്യാന്വേഷണ ഏജൻസിയുടെ നിരീക്ഷണം. അഫ്ഗാനിൽ താലിബാൻ അധികാരത്തിലേറിയതും പാകിസ്താൻ ഐഎസ്ഐ മേധാവിയെ നിയമിച്ചതും കശ്മീരിൽ ഭീകരാക്രമണങ്ങൾ വർദ്ധിക്കാൻ കാരണമായി. പാകിസ്താനിൽ നിന്ന് എത്തിച്ച പിസ്റ്റളുകൾ ഉപയോഗിച്ചാണ് വെടിവെപ്പ് നടത്തിയത് എന്നും അധികൃതർ വ്യക്തമാക്കുന്നു.
Comments