തിരുവനന്തപുരം: ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം പറഞ്ഞതിലെ പിഴവിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നാക്കുപിഴ എല്ലാവർക്കും സംഭവിക്കാമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നിതിന് മുന്നോടിയായി മാർഗ്ഗരേഖ പുറത്തിറക്കാൻ വിളിച്ച വാർത്താസമ്മേളനത്തിനിടെയാണ് മന്ത്രിയ്ക്ക് നാക്ക് പിഴച്ചത്. പിന്നാലെ മന്ത്രിയ്ക്കെതിരെ വലിയ ട്രോളുകളും ഉയർന്നിരുന്നു.
ശിവൻകുട്ടിയുടെ വാക്കുകൾ ഇങ്ങനെ ‘എല്ലാ മനുഷ്യനും മനുഷ്യസഹജമായ എന്തെങ്കിലും ഒരു ബുദ്ധിമുട്ട് സംഭവിക്കും. നാക്കിന്റെ പിഴവ് ലോകത്തിലെ എല്ലാ മനുഷ്യനും സംഭവിക്കുന്ന ഒന്നാണ്. അതുപോലൊരു പിഴവാണ് ഇന്നലെ സംഭവിച്ചത്. അതിനെ ചില ആളുകൾ ആക്ഷേപിക്കുകയും പലരൂപത്തിൽ ചിത്രീകരിക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ പേരിൽ അവർക്ക് ആത്മ സംതൃപ്തിയും ആശ്വാസവും കിട്ടുമെങ്കിൽ കിട്ടിക്കോട്ടെ, എനിയ്ക്കതിൽ യാതൊരു ബുദ്ധിമുട്ടുമില്ല’
രാജ്യത്ത് സ്കൂളുകൾ തുറന്ന സംസ്ഥാനങ്ങളുടെ എണ്ണം പറയുന്നതിനിടെയായിരുന്നു സംഭവം. ഇന്ത്യയിൽ 35 സംസ്ഥാനങ്ങൾ അല്ലേയെന്നാണ് മന്ത്രി സംശയത്തോടെ ഉദ്യോഗസ്ഥരോട് ചോദിച്ചത്. തുടർന്ന് ഉദ്യോഗസ്ഥരുടെ മറുപടി കിട്ടിയതോടെ 23 സംസ്ഥാനങ്ങളിൽ സ്കൂളുകൾ തുറന്നുവെന്നും മന്ത്രി തിരുത്തി പറഞ്ഞു. മന്ത്രിയുടെ വാക്കുകളെ പരിഹസിച്ച് നിരവധി ട്രോളുകളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി മന്ത്രി ശിവൻകുട്ടി എത്തിയത്.
Comments