ചെമ്പൻ കൊലുമ്പന്റെ സമാധിയിൽ പ്രാർത്ഥനയോടെ കേരളം. മഴക്കാലക്കെടുതിക്കിടെ കേരളമെല്ലാക്കൊല്ലവും കാണേണ്ടിവരുന്ന ഒരു സ്ഥിരം ആചാരമായി മാറുകയാണ് ഇടുക്കിയിലെ ഡാമുകളിൽ നിന്നുള്ള ജലത്തിന്റെ വരവ്. മഴ ശക്തിപ്രാപിച്ചതോടെ നീരൊഴുക്ക് കുറക്കുന്നതിനായാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആർച്ച് ഡാം ആയ ഇടുക്കി ഡാം വീണ്ടും തുറന്നത്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി മഴശക്തമാകുന്നതോടെ ചെറുതോണി, പെരിയാർ നദികളുടെ ഇരുകരയും പ്രളയഭീഷണിയിലാണ് . നാലാം തവണയും ഡാം തുറക്കുമ്പോൾ മദ്ധ്യകേരളത്തിലെ ജനങ്ങളുടെ ആശങ്ക ചെറുതല്ല. മൂന്ന് വർഷത്തിന് ശേഷമാണ് ഇടുക്കി ഡാം വീണ്ടും തുറന്നത് .44 നദികളുള്ള കൊച്ചുകേരളത്തിലെ ജലലഭ്യതയുടെ അളവുകളെ തകിടംമറിക്കുന്ന അതിതീവ്രമഴയുടെ ശക്തി ഡാമുകൾക്ക് ഏറ്റുവാങ്ങാനാവുന്നില്ല. ഇടുക്കി ഡാം തുറക്കുമ്പോൾ മദ്ധ്യകേരളത്തിലെ ജലസമ്മർദ്ദത്തെ തടഞ്ഞ് നിർത്തേണ്ട ബാദ്ധ്യത അഞ്ചു ഡാമുകൾക്കാണ്. കനത്ത മഴയിൽ ഡാമുകളിലേക്ക് എത്തുന്ന ജലത്തിന്റെ അളവ് ക്രമാതീതമായി ഉയരുമ്പോൾ ജലവൈദ്യുത പദ്ധതിക്കായി എന്ന പേരിൽ ഒരിക്കലും ജലത്തെ സൂക്ഷിച്ചുവെയ്‌ക്കാൻ സാധിക്കാത്ത അപകടമാണ് കേരളം അഭിമുഖീകരിക്കുന്നത്.
അഞ്ചു ഡാമുകളുള്ള കേരളത്തിലെ ഏക ജില്ല എന്നതാണ് ഇടുക്കിയുടെ പ്രാധാന്യം . ഇടുക്കി, ചെറുതോണി, കുളമാവ്, പാംബ്ല, കല്ലൂരുട്ടി എന്നിവിടങ്ങളിലാണ് ഈ ഡാമുകൾ. മനുഷ്യന് സങ്കൽപ്പിക്കാനാകാത്ത കരുത്തുള്ള ജലശക്തിയെയാണ് ഈ അഞ്ചുഡാമുകൾ ഒരു ബോംബ് പോലെ തടഞ്ഞു നിയന്ത്രിച്ചുനിർത്തിയിരിക്കുന്നത്. ഓരോ വർഷക്കാലത്തും ഡാമുകളുടെ സംഭരണ ശേഷി കുറഞ്ഞുവരുന്നു. മണ്ണ് നിറയുന്നതിനാൽ ജലത്തെ ഒരു പരിധി കഴിയുമ്പോൾ തുറന്നുവിടേണ്ട അവസ്ഥയാണ്. മലയാളിയുടെ നിത്യജീവിതത്തെ ഒന്നോ രണ്ടോ മാസത്തേക്ക് ദുരിതത്തിലാക്കുകയാണ് ഈ പ്രതിഭാസം. 2018ലെ പ്രളയമാണ് ഓരോ മലയാളിയും മഴക്കാലത്ത് ഓർത്തെടുക്കുന്നത്. 2018ലെ പ്രളയകാലത്താണ് ഇടുക്കി അണക്കെട്ട് അവസാനമായി തുറന്നതും. 26 വർഷങ്ങൾക്ക് ശേഷം അന്ന് തുറന്നപ്പോൾ കാണാൻ ജനങ്ങൾ തടിച്ചുകൂടിയിരുന്നു.
മൂന്ന് വർഷത്തിന് ശേഷം ഇടുക്കി ഡാമിന്റെ ഷട്ടറുകൾ ഇന്ന് വീണ്ടും തുറന്നിരിക്കുന്നു. ചെറുതോണി പുഴയിലേക്കാണ് ഇടുക്കിയിലെ ജലം ആദ്യം എത്തുന്നത്. സ്പിൽവേയിലൂടെ വെള്ളം ചെറുതോണി പുഴയിലൂടെ ഒഴുകി വെള്ളക്കയത്ത് പെരിയാറിൽ ചേരും. തൊടുപുഴ-പുളിയൻമല സംസ്ഥാനപാതയിലെ ചെറുതോണി ചപ്പാത്തു വഴി ഏറ്റവും അവസാനം പെരിയാറിലെത്തും. ആലുവായിലൂടെ അറബിക്കടലിലേക്ക് വെള്ളം ഒഴുകും. ആദ്യം 1981 ഒക്ടോബറിലും, പിന്നീട് 1992ലും, അതിനും ശേഷം 2018ലുമാണ് ഇടുക്കി തുറന്നിട്ടുള്ളത്. മധ്യഭാഗത്തെ ഷട്ടറാണ് ആദ്യം തുറക്കുന്നത്. പിന്നീട് വലത്തെ അറ്റത്തെയും ഇടത്തെ അറ്റത്തെയും ഏതെങ്കിലും ഒരു ഷട്ടർ ഉയർത്തും. പിന്നാലെ മറ്റു രണ്ടു ഷട്ടറുകൾ. വെള്ളമൊഴുകുന്ന പ്രദേശങ്ങളിൽ കർശന ജാഗ്രതാനിർദ്ദേശമാണ് നൽകിയിരിക്കുന്നത്.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടിയെത്തിയാൽ ട്രയൽ റൺ .ജലനിരപ്പ് 2397 അടിയാകുമ്പോൾ ജനങ്ങൾക്കു മുന്നറിയിപ്പ്. സഹ്യന്റെ മടിത്തട്ടിൽ കേരളം കാണിക്കുന്ന എല്ലാ പ്രകൃതിചൂഷണത്തിനും മലയിടിഞ്ഞും മണ്ണൊലിച്ചും ഉരുൾപൊട്ടിയും പ്രളയവും കൊണ്ടും ഉത്തരം നൽകുകയാണ് കാലം. അതിതീവ്രമഴയാണ് കാലവർഷത്തിൽ കേരളം അഭിമുഖീകരിക്കുന്നത്. സുന്ദരമായ മഴയെന്ന സങ്കൽപ്പവും ഇനി മലയാളിക്ക് ഇല്ല എന്ന വേദനയും ഇതോടൊപ്പം ബാക്കിയാവുന്നു.














