ലക്നൗ: വാക്സിനേഷനിൽ ചരിത്രം കുറിച്ചത്തിൽ സന്തോഷം പങ്കുവെച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊറോണയുടെ വിനാശം സുനിശ്ചിതമെന്നും രാജ്യത്തെ മുഴുവൻ ആളുകളും പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിക്കുന്നതിലൂടെ കൊറോണയെ തുരത്താൻ സാധിക്കുമെന്നും യോഗി അഭിപ്രായപ്പെട്ടു.
‘പ്രധാനമന്ത്രിയുടെ കാര്യക്ഷമമായ നേതൃത്വത്തിലൂടെ 100 കോടി വാക്സിനേഷൻ എന്നപുതു ചരിത്രം ഇന്ത്യ കുറിച്ചിരിക്കുകയാണ്. ആരോഗ്യപ്രവർത്തകരുടെ കഠിന പരിശ്രമവും ജനങ്ങളുടെ അകമഴിഞ്ഞ സഹകരണത്തിലൂടെയുമാണ് ഇത് സാധ്യമായത്. കൊറോണ മഹാമാരിയുടെ വിനാശത്തിനായി ഇതിലൂടെ സാധിക്കും’ യോഗി ആദിത്യനാഥ് ട്വിറ്ററിൽ കുറിച്ചു.
275 ദിവസം കൊണ്ടാണ് കൊറോണ പ്രതിരോധ വാക്സിനേഷൻ നൂറ് കോടി പിന്നിട്ടത്. ഇതിനു പിന്നാലെ ആരോഗ്യപ്രവർത്തകരെ ആദരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎംഎൽ ആശുപത്രിയിൽ എത്തി. വാക്സിനേഷൻ നൂറ് കോടി കടന്ന ഈ ചരിത്ര നിമിഷത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.
ഇന്ന് രാവിലെ 9.47ഓടെയാണ് രാജ്യത്ത് നൽകിയ വാക്സിൻ ഡോസുകളുടെ എണ്ണം 100 കോടി പൂർത്തിയാക്കിയത്. ലോകത്ത് ചൈന മാത്രമാണ് ഇതുവരെ നൂറു കോടിയിലധികം ഡോസ് വാക്സിനുകൾ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ എല്ലാ ട്രെയിനുകളിലും വിമാനങ്ങളിലും കപ്പലുകളിലും നൂറ് കോടി നേട്ടത്തെ സംബന്ധിച്ചുള്ള അനൗൺസ്മെന്റുകൾ നടത്തും.
എട്ട് സംസ്ഥാനങ്ങൾ വാക്സിനേഷനിൽ ആറ് കോടി ഡോസ് എന്ന നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വാക്സിൻ വിതരണം ചെയ്തിട്ടുള്ളത്. 12.08 കോടി ഡോസ് വാക്സിനാണ് സംസ്ഥാനത്ത് ഇതുവരെ വിതരണം ചെയ്തത്.
Comments