തിരുവനന്തപുരം: പ്രകൃതിക്ഷോഭം നേരിടുന്നതിന് സംസ്ഥാന സർക്കാർ മികച്ച നിലയിലാണ് പ്രവർത്തിച്ചതെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. ദുരന്തമുണ്ടായ സ്ഥലങ്ങളിൽ മന്ത്രിമാർ നേരിട്ടാണ് രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. പ്രകൃതിദുരന്തത്തിൽ പോലും രാഷ്‌ട്രീയം കലർത്തുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നിലപാട് ആ പദവിക്ക് ചേർന്നതല്ലെന്നും പ്രസ്താവനയിൽ എ വിജയരാഘവൻ പറഞ്ഞു.
പ്രളയം നേരിടുന്നതിൽ പിണറായി സർക്കാർ വീണ്ടും പരാജയമായി എന്ന വിമർശനങ്ങൾ ശക്തമാകുന്നതിനിടെയാണ് സിപിഎം ആക്ടിങ് സെക്രട്ടറിയുടെ പ്രസ്താവന. കുട്ടനാട്ടിൽ നടപ്പാക്കുമെന്ന് പ്രചരണം നൽകിയ ഡച്ച് മാതൃക ഉൾപ്പെടെ സമൂഹമാദ്ധ്യമങ്ങളിൽ സർക്കാരിനെതിരായ വ്യാപക വിമർശനത്തിനും ട്രോളുകൾക്കും വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പിന്തുണയുമായി വിജയരാഘവൻ രംഗത്തെത്തിയത്.
എന്തു പ്രശ്നമുണ്ടായാലും മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ് കഴിഞ്ഞ കുറച്ചുനാളായി പ്രതിപക്ഷ നേതാവിന്റെ ശൈലി. രാഷ്‌ട്രീയമായി നേരിടാൻ കഴിയാത്തത് മൂലമാണ് ഈ അധഃപതനം. ഉരുൾപൊട്ടലിന്റെ സമയവും സ്ഥലവും മുൻകൂട്ടി നിശ്ചയിക്കാനുള്ള സാങ്കേതിക വിദ്യ പ്രതിപക്ഷ നേതാവിന്റെ പക്കലുണ്ടോയെന്നും വിജയരാഘവൻ ചോദിക്കുന്നു.
ദുരന്തമുണ്ടായ സ്ഥലങ്ങളിലൊന്നും പ്രതിപക്ഷ നേതാവിനെ ആരും കണ്ടില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പോരായ്മ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. അതിന്റെ പേരിൽ മുഖ്യമന്ത്രിക്കെതിരെ ആക്രോശിക്കുന്നതിന് പകരം ക്രിയാത്മക നിലപാട് സ്വീകരിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യേണ്ടതെന്നും വിജയരാഘവൻ പറഞ്ഞു.
രക്ഷാപ്രവർത്തനം വൈകിയെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന വസ്തുതാവിരുദ്ധമാണ്. മുൻ പ്രതിപക്ഷ നേതാവിനെക്കാളും മുന്നിലാണ് മുഖ്യമന്ത്രിയെ വിമർശിക്കുന്ന കാര്യത്തിൽ താൻ എന്ന് വരുത്താനുള്ള വ്യഗ്രതയിൽ നിന്നാണ് ഈ പരാമർശങ്ങൾ വരുന്നത്. കൂടെയുള്ള സ്വന്തം എംഎൽഎമാരുടെ പിന്തുണയില്ലാത്ത ഹൈക്കമാന്റിന്റെ പിന്തുണയുള്ള പ്രതിപക്ഷ നേതാവിന്റെ ജാള്യത മറയ്‌ക്കാനാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും വിജയരാഘവൻ പരിഹസിച്ചു.
















Comments