ന്യൂഡൽഹി : വിദേശ കമ്പനികളായ വാട്സ്ആപ്പിനും അതിന്റെ മാതൃസ്ഥാപനമായ ഫേസ്ബുക്കിനും ഇന്ത്യൻ നിയമങ്ങളെ വെല്ലുവിളിക്കാൻ സാധിക്കില്ലെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ. പുതിയ ഐടി നിയമങ്ങളെ ചോദ്യം ചെയ്ത് കമ്പനി നൽകിയ ഹർജികളെ കേന്ദ്രം കോടതിയിൽ എതിർത്തു.
വിദേശ സ്ഥാപനമായതിനാൽ വാട്സ്ആപ്പിന് ഇന്ത്യൻ നിയമത്തേയും ഭരണഘടനയേയും ചോദ്യം ചെയ്യാൻ കഴിയില്ലെന്നും സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
വിദേശ കമ്പനിക്ക് നിയമത്തിലെ വ്യവസ്ഥയെ ചോദ്യം ചെയ്യാൻ സാധിക്കില്ല. ആർട്ടിക്കിൾ 19 പോലുള്ള മൗലിക അവകാശങ്ങൾ പൗരന്മാർക്ക് മാത്രമേ ലഭ്യമാവുകയുള്ളൂവെന്ന് കേന്ദ്രം വ്യക്തമാക്കി.പുതിയ ഐടി നിയമം കുറ്റകൃത്യങ്ങൾ തടയാൻ നിയമപാലകരെ ഏറെ സഹായിക്കുന്നതാണെന്ന് സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
Comments