അബുദബി: 2021 ട്വന്റി20 ലോകകപ്പിൽ ആദ്യ ജയം സ്വന്തമാക്കി ഓസ്ട്രേലിയ. ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ അഞ്ച് വിക്കറ്റിനാണ് തോൽപിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ 118 റൺസെടുക്കാനേ കഴിഞ്ഞുളളൂ.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ രണ്ട് പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു. 35 റൺസെടുത്ത സ്റ്റീവൻ സ്മിത്ത് ആണ് ഓസീസ് നിരയിലെ ടോപ്പ് സ്കോറർ. ആറാം വിക്കറ്റിൽ ഒന്നിച്ച മാർക്കസ് സ്റ്റോയിനിസ് -മാത്യൂസ് വെയ്ഡ് സഖ്യമാണ് ഓസീസിനെ വിജയതീരത്ത് എത്തിച്ചത്. മാർക്കസ് സ്റ്റോയിനിസ് 16 പന്തിൽ നിന്ന് 24 റൺസ് എടുത്ത് പുറത്താകാതെ നിന്നു. മാത്യൂസ് വെയ്ഡ് 10 പന്തിൽ നിന്ന് 15 റൺസുമെടുത്തു.
രണ്ടാം ഓവറിൽ തന്നെ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ ഓസീസിന് നഷ്ടമായിരുന്നു. സംപൂജ്യനായിട്ടായിരുന്നു ഫിഞ്ചിന്റെ മടക്കം. 15 പന്തിൽ നിന്ന് 14 റൺസെടുത്ത വാർണറും അഞ്ചാം ഓവറിൽ മടങ്ങി. മിച്ചൽ മാർഷ് 11 റൺസും ഗ്ലെൻ മാക്സ് വെൽ 18 റൺസും എടുത്തു.
മദ്ധ്യനിരയിൽ തിളങ്ങിയ എയ്ഡൻ മർക്റാം നേടിയ 40 റൺസാണ് ദക്ഷിണാഫ്രിക്കയ്ക്ക് മാന്യമായ സ്കോർ നൽകിയത്. മുൻനിര പാടെ തകർന്ന ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തിൽ 4ന് 46 എന്ന നിലയിലായിരുന്നു. തുടർന്നാണ് മർക്റാമിനൊപ്പം ഹെയിന്റിച്ച് 13 റൺസും ഡേവിഡ് മില്ലർ 16 റൺസുമെടുത്ത് ടീമിന് റൺസ് മുന്നോട്ട് കയറ്റിയത്. വാലറ്റത്ത് റബാഡ നേടിയ 19 റൺസും നിർണ്ണായകമായി. മുൻ നിരയിൽ ഓപ്പണറും ദക്ഷിണാഫ്രിക്കൻ നായകനുമായ ബാവുമ(12), ഡീകോക്(7), വാൻഡെർ ഡ്യൂസെൻ(2) എന്നിവർ പെട്ടന്ന് പുറത്തായി. വാലറ്റത്ത് പ്രിട്ടോറിയോസ്(1) കേശവ് മഹാരാജ്(0) ആന്റീച്ച് നോർച്ചേ(2) എന്നിവർക്കും കാര്യാമായി ഒന്നും ചെയ്യാനായില്ല.
Comments