തിരുവനന്തപുരം : മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിന് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ഔദ്യോഗിക സമൂഹമാദ്ധ്യമ പേജിൽ പ്രതികരണങ്ങളുമായി മലയാളികൾ. മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്നുള്ള ആവശ്യങ്ങളാണ് ഉയരുന്നത്. വെള്ളം എടുത്തോളൂ ജീവൻ എടുക്കരുത് എന്ന കമന്റുകളും എത്തുന്നുണ്ട്. #DecommissionMullaperiyarDam #SaveKerala #SaveMullaperiyar എന്നീ ഹാഷ്ടാഗുകളും സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.
തമിഴ്നാടിന് വെള്ളം തരാൻ മടിയില്ല. എന്നാൽ അപകടം നിറഞ്ഞ ഡാം സുരക്ഷിതമാണെന്ന വാദം ഉപേക്ഷിക്കണം. പുതിയ ഡാം നിർമ്മിക്കുന്നതിനെ എതിർത്തകരുത് എന്ന കമന്റുകളും വരുന്നുണ്ട്. മുല്ലപ്പെരിയാറിന് വേണ്ടി ഇതിനോടകം വലിയ ക്യാമ്പെയിനാണ് സമൂഹമാദ്ധ്യമങ്ങളിൽ നടക്കുന്നത്. മലയാളി നടന്മാരായ പ്രിഥ്വിരാജ്, ഉണ്ണി മുകുന്ദൻ എന്നിവരും പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
മുല്ലപ്പെരിയാർ അണക്കെട്ടിന് ബലക്ഷയമുണ്ടെന്നും തകർച്ചാ സാധ്യത തള്ളിക്കളയാനാകില്ലെന്നും വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അണക്കെട്ടിന് 50 വർഷത്തെ ആയുസ്സ് മാത്രമാണ് ഉള്ളതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എന്നാൽ കേരളവും തമിഴ്നാടും തമ്മിലുള്ള പ്രശ്നങ്ങൾ തുടരുന്നതിനാൽ മുല്ലപ്പെരിയാർ പ്രതിസന്ധിയിൽ ഒരു തീരുമാനമെടുക്കാൻ സാധിച്ചിട്ടില്ല.
Comments