തിരുവനന്തപുരം: കോൺഗ്രസ് നേതാവും എംപിയുമായെ കെ. മുരളീധരൻ ഒറ്റുകാരന്റെ റോളിലോ ? ഇടതുപക്ഷത്തിന് വിശിഷ്യ സിപിഎമ്മിന് രാഷ്ട്രീയ പ്രതിസന്ധി നേരിടുമ്പോഴൊൊക്കെ വിവാദ പ്രസ്താവനകളിലൂടെ രംഗത്ത് വന്ന് വിഷയങ്ങളെ വഴിതിരിച്ച് വിടുക എന്ന തന്ത്രം പയറ്റുകയാണോ കരുണാകര പുത്രൻ. തിരുവനന്തപുരം നഗരസഭാ മേയർ ആര്യാ രാജേന്ദ്രനെ കുറിച്ച് നടത്തിയ പ്രസ്താവന ഒടുവിലത്തെ ഉദാഹരണമോ
മേയർക്കും സിപിഎം ഭരണസമിതിക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും ഇതേ തുടർന്നുണ്ടായ പ്രതിഷേധങ്ങളും ശക്തമായ സന്ദർഭത്തിൽ മേയർക്കെതിരെ പ്രസ്താവനയുമായി മുരളീധരൻ രംഗത്തു വന്നത് ദുരൂഹമാണ്. തിരുവനന്തപുരം നഗരവാസികളുടെ വീട്ടുകരം തട്ടിയെടുത്ത ഇടത് അനുഭാവികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടെടുത്ത മേയർ ആര്യാ രാജേന്ദ്രനെതിരെയും സിപിഎം ഭരണ സമിതിക്കെതിരെയും കടുത്ത പൊതുജനവികാരം നിലനിൽക്കുമ്പോളാണ് മുരളീധരന്റെ വിവാദ പ്രസ്താവന.
തട്ടിപ്പിലുൾപ്പെട്ട മുഴുവൻ ആളുകളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി കൗൺസിൽമാർ നഗരസഭയ്ക്കുള്ളിൽ ആറു ദിവസമായി നിരാഹാര സമരം നടത്തുകയാണ്. സഭയ്ക്കകത്തും പുറത്തും ഒരുപോലെ ബിജെപി സമരം ശക്തമാക്കിയതോടെ കടുത്ത പ്രതിസന്ധിയിലായിരുന്നു മേയറും സിപിഎം നേതൃത്വവും. തിരുവനന്തപുരം നഗരവാസികളുടെ പിന്തുണ സമരത്തിന് ഓരോ ദിവസവും വർദ്ധിക്കുന്ന കാഴ്ചയും കഴിഞ്ഞ ദിവസങ്ങളിൽ കാണാനായി. ബിജെപിയുടെ സമരം ഇതിനോടകം തന്നെ പൊതുജന ശ്രദ്ധയും മാദ്ധ്യമശ്രദ്ധയും പിടിച്ചു പറ്റുകയും ചെയ്തു. വീട്ടുകരം തട്ടിപ്പിനെ സംബന്ധിച്ച് ബിജെപി ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയെന്ന് തെളിക്കുന്നതായിരുന്നു ഒരോ ദിവസത്തെയും സംഭവ വികാസങ്ങൾ.
അഴിമതി ആരോപണത്തിൽ മറുപടിയില്ലാതെ മേയറും സിപിഎം നേതൃത്വവും നിൽക്കുമ്പോഴാണ് കെ. മുരളീധരന്റെ വിവാദവും അനാവശ്യവുമായ പ്രസ്താവന. മേയർ ആര്യാ രാജേന്ദ്രനെ കാണാൻ ഭംഗിയൊക്കെ ഉണ്ടെങ്കിലും വായിൽ നിന്ന് വരുന്നത് ഭരണപ്പാട്ടിനേക്കാൾ ഭീകരമായ വാക്കുകളാണെന്നാണ് മുരളീധരൻ പറഞ്ഞത്. അഴിമതിക്കാർക്ക് കൂട്ടുനിൽക്കുന്നുവെന്ന ആരോപണം നേരിടുന്ന ആര്യാ രാജേന്ദ്രന് പിടിവള്ളിയായി കെ. മുരളീധരന്റെ പ്രസ്താവന.
തനിക്ക് അനുകൂലമായ ഒരു സഹതാപ തരംഗം സൃഷ്ടിക്കാനുള്ള സുവർണാവസരമായി ആര്യാ രാജേന്ദ്രൻ വിവാദത്തെ മാറ്റി. സ്ത്രീ സമൂഹത്തിനാകെ അപമാനം ഉണ്ടാക്കുന്നതാണ് കെ. മുരളീധരന്റെ പ്രസ്താനവയെന്ന് ആര്യാ രാജേന്ദ്രൻ പറഞ്ഞത് മുതലെടുപ്പ് തന്ത്രത്തിന്റെ ഭാഗമാണ്. അഴിമതിയിൽ നിന്നും ബിജെപിയുടെ സമരപരിപാടികളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമം മുരളീധരന്റെ പ്രസ്താവനയുടെ മറപിടിച്ച് തിരുവനന്തപുരം മേയർ നടത്തുകയാണിപ്പോൾ.
അനാവശ്യ പ്രസ്താവന നടത്തി തിരുവനന്തപുരം നഗരവാസികളെയാകെ വഞ്ചിക്കുന്ന നിലപാടാണ് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എടുത്തത്. വീട്ടുകരം തട്ടിപ്പിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള അവസരം മേയർക്കും സിപിഎം നേതൃത്വത്തിനും ഒരുക്കി കൊടുക്കുകയായിരുന്നു കെ. മുരളീധരൻ എംപി.
മേയർ പദവിയിലേയ്ക്ക് പരിഗണിക്കുന്നുവെന്ന് വാർത്ത വന്നതു മുതൽ ഇമേജ് ബിൽഡിംഗ് പ്രവർത്തനം ആര്യാ രാജേന്ദ്രൻ ആരംഭിച്ചിരുന്നു. മുഖ്യധാര മാദ്ധ്യമങ്ങളിലെ സിപിഎം അനുഭാവികളെയും ഓൺലൈൻ മാദ്ധ്യമങ്ങളെയും ഉപയോഗപ്പെടുത്തിയായിരുന്നു പ്രചാരണം.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മേയർ എന്നൊക്കെ ചില മുൻനിര മാദ്ധ്യമങ്ങൾ പോലും വാർത്തകൾ നൽകി. ഈ അവകാശ വാദം തെറ്റെന്ന് പലർക്കും ബോധ്യപ്പെട്ടത് വൈകിയാണ്. പ്രവർത്തന പരിചയത്തിന്റെ കുറവ് നഗരസഭാ ഭരണത്തിന്റെ തുടക്കത്തിൽ തന്നെ പ്രകടമായിരുന്നു. പ്രതിഛായ വർദ്ധിപ്പിക്കൽ പൊടിപൊടിക്കുന്നതിനിടെയാണ് വീട്ടുകരം തട്ടിപ്പ് വിവാദം കത്തിക്കയറുന്നത്.
Comments