പാലക്കാട്: മലമ്പുഴയിൽ പുലി സാന്നിധ്യമുള്ള പ്രദേശങ്ങളിൽ സംസ്ഥാന വനം മന്ത്രി എകെ ശശീന്ദ്രൻ സന്ദർശനം നടത്തി. പ്രശ്ന പരിഹാരത്തിന് ഉടൻ നടപടി കാണുമെന്ന് മന്ത്രി പറഞ്ഞു. അതേസമയം മലമ്പുഴ മണ്ഡലത്തിൽ തുടർക്കഥയാവുന്ന വന്യജീവി ശല്യത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ ഡിഎഫ്ഒ ഓഫീസിനു മുൻപിൽ ധർണ നടത്തി.
മലമ്പുഴ ജില്ലാ ജയിലിനു സമീപം കഴിഞ്ഞ ദിവസം പുലിയിറങ്ങിയ പ്രദേശങ്ങളിലായിരുന്നു വനം വകുപ്പ് മന്ത്രിയുടെ സന്ദർശനം. പ്രദേശത്ത് ജനങ്ങൾ അനുഭവിക്കുന്ന ദുരിതം ജനപ്രതിനിധികളും പഞ്ചായത്ത് അംഗങ്ങളും മന്ത്രിയോട് വിവരിച്ചു. പുലിക്കൂട് സ്ഥാപിച്ച് പുലിയെ പിടികൂടുമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
കാടിനുള്ളിൽ തന്നെ മൃഗങ്ങളുടെ ആവാസ വ്യവസ്ഥ ഉറപ്പാക്കുന്ന പദ്ധതി സർക്കാർ പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു. പുലിയുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ച്, നിരീക്ഷണം ശക്തമാക്കാൻ മന്ത്രി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
അതേസമയം മണ്ഡലത്തിൽ വന്യജീവി ശല്യം തുടർക്കഥയാവുമ്പോൾ സർക്കാർ ശാശ്വതമായ പരിഹാരം കാണുന്നില്ല എന്ന് ആരോപിച്ച്, ബിജെപി പ്രവർത്തകർ ഡി എഫ് ഓഫീസിന് മുൻപിൽ ഉപരോധം നടത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് ബിജെപി ജില്ലാ അധ്യക്ഷൻ കെ എം ഹരിദാസ് പറഞ്ഞു.
Comments