ലണ്ടൻ : മൂത്രം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യയുമായി ഗവേഷകർ. ബ്രിട്ടനിലെ ബ്രിസ്റ്റോൾ റോബോട്ടിക്‌സ് ലബോറട്ടറിയിൽ നിന്നുള്ള ഡോ. ഇയോന്നിസ് ഐറോപൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് , മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്ന് കണ്ടെത്തിയത് .
ഊർജ്ജ ഇന്ധന സെല്ലാണ് ഇതിനായി സംഘം വികസിപ്പിച്ചെടുത്തത് . രണ്ട് വർഷം മുമ്പ് ഗ്ലാസ്റ്റൺബറി ഫെസ്റ്റിവലിൽ ‘പീ പവർ’ പദ്ധതി ആദ്യമായി പരസ്യമായി പരീക്ഷിച്ചിരുന്നു. മൂത്രത്തില്‍ നിന്നും ഊര്‍ജ്ജം വേര്‍തിരിച്ചെടുക്കുന്ന സൂക്ഷ്മാണുക്കളെയാണ് കണ്ടുപിടുത്തത്തിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്.അന്ന് ശൗചാലയങ്ങളിൽ വൈദ്യുതി ഉത്‌പാദിപ്പിക്കാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ തെളിയിച്ചു.
ഇതുവരെ, ഇത് മൊബൈൽ ഫോണുകൾ, ചെറിയ വോൾട്ടിലുള്ള ബൾബുകൾ, റോബോട്ടുകൾ എന്നിവയ്‌ക്ക് ഊർജം പകരാൻ ഉപയോഗിച്ചിരുന്നു . എന്നാൽ ഇപ്പോൾ ഈ സാങ്കേതിക വിദ്യ വീടുകളിൽ പരീക്ഷിക്കാൻ ഒരുങ്ങുകയാണ്` ഗവേഷകർ . അഞ്ച് ദിവസങ്ങളിലായി ടോയ് ലറ്റിലെത്തിയ മൂത്രം ഉപയോഗിച്ച് 300 വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ഗവേഷകർക്ക് കഴിഞ്ഞു – ഡോ ഇയോനിസ് വിശദീകരിച്ചു. ഒരു വാട്ട് ബൾബ് 300 മണിക്കൂർ അല്ലെങ്കിൽ 10 ലൈറ്റ് ബൾബുകൾ 30 മണിക്കൂർ ഇതു കൊണ്ട് പ്രവർത്തിപ്പിക്കാനാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
മൈക്രോബയൽ ഫ്യൂവൽ സെല്ലുകളെ അടിസ്ഥാനമാക്കിയുള്ളതാണ് കണ്ടുപിടുത്തം. ഈ ബാറ്ററി പോലുള്ള ബ്ലോക്കുകളിൽ സൂക്ഷ്മജീവികൾ നിറഞ്ഞിരിക്കുന്നു. ഇത് പല പ്രക്രിയകൾ വഴി രാസ ഭാഗങ്ങളായി വിഘടിക്കുകയും അവ പെരുകുമ്പോൾ, ചെറിയ അളവിൽ വൈദ്യുതി ഉൽപാദിപ്പിക്കുകയും ചെയ്യുന്നു.
Comments