കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന് ജാമ്യം. സ്വർണ്ണക്കടത്തിൽ ഇടനിലക്കാരായി പ്രവർത്തിച്ച ജലാൽ ഉൾപ്പെടെയുള്ള ഏഴ് പ്രതികൾക്കാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. സ്വപ്ന സുരേഷിന്റെ കൊഫെപോസ കരുതൽ തടങ്കൽ ഹൈക്കോടതി മുൻപ് റദ്ദാക്കിയിരുന്നു.
സ്വപ്നയ്ക്ക് പുറമെ മുഹമ്മദ് ഷാഫി, ജലാൽ, റബിൻസ്, റമീസ് കെടി, ഷറഫുദ്ദീൻ, സരിത്ത്, മുഹമ്മദ് അലി എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. എന്നാൽ സ്വപ്ന സുരേഷിന് മാത്രമെ പുറത്തിറങ്ങാൻ സാധിക്കുകയുള്ളൂ. നേരത്തെ ഇഡി കേസിലും കസ്റ്റംസ് കേസിലും ജാമ്യം ലഭിച്ചതിനാലാണിത്. എൻഐഎ കേസിൽ മാത്രമായിരുന്നു ജാമ്യം ലഭിക്കാനുള്ളത്.
25 ലക്ഷം രൂപയുടെ ബോണ്ടിലാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് വിനോദ് ചന്ദ്രൻ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇന്നോ നാളെയോ സ്വപ്ന സുരേഷ് ജയിൽ മോചിതയാകും. ജാമ്യം നിഷേധിച്ച എൻ.ഐ.എ കോടതി ഉത്തരവ് ചോദ്യം ചെയ്താണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.
കേസിൽ യു.എ.പി.എ നിലനിൽക്കില്ലെന്നും തങ്ങൾക്കെതിരെ യു. എ.പി.എ ചുമത്തുവാൻ തക്ക തെളിവുകൾ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ലെന്നുമാണ് സ്വപ്നയും, സരിത്തുമടക്കമുള്ള പ്രതികളുടെ വാദം. പ്രതികൾക്കെതിരായി കൃത്യമായ തെളിവുകളുണ്ടെന്ന് എൻ.ഐ.എയും കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ പ്രതികളുടെ വാദം അംഗീകരിച്ചുകൊണ്ട് കോടതി സ്വപ്നയുൾപ്പെടെയുള്ളവർക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
Comments