തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസിൽ ജാമ്യം ലഭിച്ച സ്വപ്ന സുരേഷ് ഇന്ന് ജയിൽ മോചിതയായേക്കും. ഒരു വർഷത്തിന് ശേഷമാണ് മോചനം. ബോണ്ട് നടപടികളടക്കം പൂർത്തിയായാൽ അട്ടക്കുളങ്ങര വനിത ജയിലിൽ കഴിയുന്ന സ്വപ്നയ്ക്ക് പുറത്തിറങ്ങാനാകും. നേരത്തെ കസ്റ്റംസ്, ഇഡി കേസുകളിൽ സ്വപ്നയ്ക്ക് ജാമ്യം ലഭിക്കുകയും കൊഫേപോസ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.
എൻ.ഐ.എ കേസിൽ സ്വപ്ന ഉൾപ്പെടെയുള്ള ഏഴ് പ്രതികൾക്ക് ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചത്. 25 ലക്ഷത്തിന്റെ ബോണ്ടടക്കമുള്ള ഉപാധിയിലായിരുന്നു ജാമ്യം. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. എൻഐഎ കോടതിവിധിയ്ക്കെതിരായ അപ്പീലിലാണ് ഹൈക്കോടതി വിധി.
2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗിൽ നിന്ന് 14.82 കോടി രൂപ വിലവരുന്ന സ്വർണ്ണം എയർപോർട്ട് കസ്റ്റംസ് പിടിച്ചെടുത്തത്. കസ്റ്റംസിന് പുറമെ ഇഡിയും എൻഐഎയും കേസെടുത്തിരുന്നു. എൻഐഎ ഉൾപ്പെടെയുള്ള കേസിൽ സ്വപ്നയും സരിത്തും നൽകിയ ജാമ്യാപേക്ഷ എൻഐഎ കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.
കേസിൽ യു.എ.പി.എ നിലനിൽക്കില്ലെന്നും തങ്ങൾക്കെതിരെ യു. എ.പി.എ ചുമത്തുവാൻ തക്ക തെളിവുകൾ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ലെന്നുമാണ് സ്വപ്നയും, സരിത്തുമടക്കമുള്ള പ്രതികളുടെ വാദം. പ്രതികൾക്കെതിരായി കൃത്യമായ തെളിവുകളുണ്ടെന്ന് എൻ.ഐ.എയും കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ പ്രതികളുടെ വാദം അംഗീകരിച്ചുകൊണ്ട് കോടതി സ്വപ്നയുൾപ്പെടെയുള്ളവർക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
Comments