തിരുവനന്തപുരം : സഹോദരിയെ വിവാഹം കഴിച്ച ഹിന്ദു യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതി ഡാനിഷ് പിടിയിൽ. ഊട്ടിയിലെ റിസോർട്ടിൽ നിന്നും വൈകീട്ടോടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. സംഭവ ശേഷം ഇയാൾ തമിഴ്‌നാട്ടിലേക്ക് കടന്നിരുന്നു.
സഹോദരിയുടെ ഭർത്താവ് മിഥുൻ കൃഷ്ണനെയാണ് ഡാനിഷ് വഴിയിൽവെച്ച് അതിക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ മിഥുൻ പോലീസിൽ പരാതി നൽകിയെങ്കിലും ഡാനിഷിനെതിരെ നടപടി സ്വീകരിച്ചിരുന്നില്ല. നടപടി സ്വീകരിക്കുന്നതിൽ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഡാനിഷ് തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു.
പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു ഡാനിഷിനായുള്ള അന്വേഷണം. തമിഴ്‌നാട്ടിലേക്ക് കടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി പോലീസ് ഊർജ്ജിത അന്വേഷണം നടത്തിവരികയാണ്. ഇതിനിടെയാണ് ഊട്ടിയ്‌ക്കടുത്തുള്ള റിസോർട്ടിൽ നിന്നും ഡാനിഷിനെ പിടികൂടിയത്.
മിഥുനും ദീപ്തിയും ചെറിയൻകീഴ് സ്വദേശികളാണ്. ബുധനാഴ്ചയായിരുന്നു ഡാനിഷ് മിഥുനെ മർദ്ദിച്ചത്. 29ാം തീയതി വീട്ടുകാരുടെ സമ്മതമില്ലാതായിരുന്നു ഇവരുടെ വിവാഹം. ദീപ്തിയുടെ വീട്ടിൽ വിവാഹത്തോട് എതിർപ്പുണ്ടായിരുന്നു. കുടുംബവുമായുള്ള പ്രശ്നങ്ങൾ സംസാരിക്കാമെന്ന് പറഞ്ഞ് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മിഥുനെ ദീപ്തിയുടെ സഹോദരൻ ഡാനിഷ് വിളിച്ചുകൊണ്ട് പോകുന്നത്. തുടർന്ന് മിഥുനെ ക്രൂരമായി മർദിക്കുകയായിരുന്നു.
Comments