കൊച്ചി: നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ അറസ്റ്റിലായ പ്രതി ജോസഫിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം സിജെഎം കോടതിയാണ് ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്. പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കിയാണ് റോഡ് ഉപരോധം നടത്തിയതെന്നും പ്രതിക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷനും ആവശ്യപ്പെട്ടിരുന്നു.
ഇത് രണ്ടാം തവണയാണ് കേസിൽ ജോസഫിന് ജാമ്യം നിഷേധിക്കുന്നത്. കഴിഞ്ഞ ദിവസം എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയും ജോസഫിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനിടെ കേസിൽ മറ്റൊരു പ്രതി കൂടി പോലീസ് പിടിയിലായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകനും തൃക്കാക്കര സ്വദേശിയുമായ ഷെരീഫാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ രണ്ടാമത്തെ അറസ്റ്റ് രേഖപ്പെടുത്തി.
എഫ്‌ഐആർ പ്രകാരം ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് ആക്രമണത്തിൽ കാറിന് സംഭവിച്ചിരിക്കുന്നത്. സംഭവത്തിൽ എട്ട് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു. റോഡ് ഉപരോധം നടത്തിയ 15 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഉപരോധം ചോദ്യം ചെയ്തതിനെ തുടർന്ന് നടൻ ജോജുവിന്റെ കാർ തകർക്കുകയായിരുന്നു. തുടർന്ന് സംഭവത്തിൽ നിരവധി കോൺഗ്രസ് നേതാക്കൾക്കെതിരെ ജോജു പരാതി നൽകിയിരുന്നു.















