തിരുവനന്തപുരം: തിരുവനന്തപുരത്ത് ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന രാമായണ പ്രഭാഷണ പരമ്പരയിലെ പ്രഭാഷകരുടെ പട്ടികയെ ചൊല്ലി വിവാദം ശക്തമാകുന്നു. സനാതന ധർമ്മത്തെയും രാമായണത്തെയും നിരന്തരം വിമർശിക്കുന്ന എ.ജി. ഒലീനയടക്കമുള്ളവരെ പ്രഭാഷണത്തിനായി ക്ഷണിച്ചതിനെതിരെ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) രംഗത്തെത്തി.
തിരുവനന്തപുരത്തെ ഹനുമാൻ ക്ഷേത്രത്തിലാണ് ‘ഗാന്ധിജിയുടെ രാമായണം’ എന്ന വിഷയത്തിൽ ഇന്ന് പ്രഭാഷണം. നാളെയാണ് ഒലീനയുടെ പ്രഭാഷണം നിശ്ചയിച്ചിരിക്കുന്നത്. ‘രാമായണത്തിലെ രാജമാതാക്കൾ’ എന്ന വിഷയത്തിലാണ് ഇവരുടെ പ്രഭാഷണം. മുൻപ് തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ഒലീന മത്സരിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യ സംഘവുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ച് കൊണ്ടുവരുന്നതിന്റെ ഉദ്ദേശവും വ്യക്തമാണ്.
ഗാന്ധിജിക്ക് രാമായണ പ്രഭാഷണ പരമ്പരയിൽ എന്താണ് പ്രാധാന്യമെന്നും വ്യാജ നറേറ്റീവ് സൃഷ്ടിക്കാനാണ് ദേവസ്വംബോർഡ് ശ്രമിക്കുന്നതെന്നും വി.എച്ച്.പി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വി.ആർ. രാജശേഖരൻ ചൂണ്ടിക്കാട്ടി. “പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന സമീപനമാണ് ബോർഡിന്റേത്. ഹൈന്ദവ സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യമാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിലുള്ളത്. എ.ജി. ഒലീനയുടെ രാഷ്‌ട്രീയ നിലപാടുകൾ പൊതുസമൂഹത്തിന് അറിയാവുന്നതാണ്. രാമനെയും സനാതന ധർമ്മത്തെയും വിമർശിച്ച വ്യക്തിയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് അംഗീകരിക്കാനാകില്ല,” എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ നിരവധി ഹിന്ദു സന്ന്യാസിമാരും ആധ്യാത്മിക ആചാര്യന്മാരും ഉള്ളപ്പോൾ അവരെ ഒഴിവാക്കി എ.ജി. ഒലീനയെ ക്ഷണിച്ചതിന്റെ ഉദ്ദേശം വ്യക്തമാക്കണം. മുൻ സർക്കാരിന്റെ താൽപര്യങ്ങളാണ് പുതിയ സർക്കാരും പിന്തുടരുന്നത്, എന്നും വി.ആർ. രാജശേഖരൻ വിമർശിച്ചു. ഇത്തരം നടപടികളിൽ നിന്ന് ദേവസ്വം ബോർഡ് പിന്മാറിയില്ലെങ്കിൽ ഭക്തജനങ്ങളെ അണിനിരത്തി സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വി.എച്ച്.പി മുന്നറിയിപ്പ് നൽകി.














