പാരീസ്: ഇന്ത്യയുമായി അത്യാധുനീക സൈനിക സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിൽ ഉൾപ്പെടെ കൂടുതൽ സഹകരണത്തിന് തയ്യാറാണെന്ന് ഫ്രാൻസ്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി നടത്തിയ ചർച്ചകൾക്കിടെയാണ് ഫ്രഞ്ച് പ്രതിരോധമന്ത്രിയും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നയതന്ത്ര ഉപദേശകൻ ഇമ്മാനുവൽ ബോണും ഇക്കാര്യം വ്യക്തമാക്കിയത്.
വായുവിലും കരയിലും സമുദ്രത്തിലും സൈബർ മേഖലയിലും സൈനിക ആവശ്യത്തിന് വേണ്ടിയുളള പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കാൻ ഇന്ത്യയ്‌ക്ക് എല്ലാ സഹായവും ഫ്രാൻസ് വാഗ്ദാനം ചെയ്തു. പ്രതിരോധ മേഖലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മനിർഭർ ഭാരത് സ്വപ്‌നം സാക്ഷാത്ക്കരിക്കുന്നതിനും പ്രതിരോധ വ്യവസായ വത്ക്കരണത്തിനും പൂർണപിന്തുണ ഫ്രാൻസ് വാഗ്ദാനം ചെയ്തതായി പാരീസിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ഇന്ത്യ- ഫ്രാൻസ് വാർഷിക നയതന്ത്ര ചർച്ചകളുടെ ഭാഗമായി ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീൻ യുവേസ് ലീ ഡ്രിയാൻ, പ്രതിരോധ മന്ത്രി ഫ്‌ളോറൻസ് പാർലി തുടങ്ങിയവരുമായിട്ടാണ് അജിത് ഡോവൽ ചർച്ചകൾ നടത്തിയത്. ഇൻഡോ പസഫിക് മേഖലയിലെ സുരക്ഷ ഉറപ്പിക്കുന്നതിൽ ഫ്രാൻസ് പ്രതിജ്ഞാബദ്ധമാണെന്ന് ഭരണകർത്താക്കൾ ആവർത്തിച്ചതായി ഇന്ത്യൻ എംബസി വ്യക്തമാക്കി. ഫ്രാൻസിന്റെ ഇൻഡോ പസഫിക് സ്ട്രാറ്റജിയിൽ ഇന്ത്യയെ നെടുംതൂണായിട്ടാണ് കാണുന്നതെന്നും ഇരുവരും വ്യക്തമാക്കി.
സമുദ്ര, സൈബർ മേഖലകളിലെ ഭീഷണികളും അഫ്ഗാനിലെ സുരക്ഷാ വെല്ലുവിളികളും ഉൾപ്പെടെയുളള ആഗോള പ്രശ്‌നങ്ങളും കൂടിക്കാഴ്ചകളിൽ വിലയിരുത്തി. റോമിൽ ജി 20 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.















