ഊട്ടി: മസിനഗുഡിയിൽ നിന്ന് മായാറിലേക്കും സിങ്കാരയിലേക്കും പോകുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് ഇന്നുമുതൽ (ജൂലൈ 20) നിരോധനം. മദ്രാസ് ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് വനംവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയത്.
കടുവ, പുലി, കരടി, ആന, മാൻ, മയിൽ തുടങ്ങി നിരവധി വന്യജീവികൾ സ്വൈരവിഹാരം നടത്തുന്ന ഈ മേഖലകളിൽ വാഹനങ്ങൾ നിർത്തുന്നതും വിനോദസഞ്ചാരികളുടെ തിരക്കും വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ ബാധിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് കോടതി ഇടപെട്ടത്.
അതേസമയം, വനംവകുപ്പ് അംഗീകരിച്ച ജീപ്പ് സഫാരികൾക്കും പ്രദേശവാസികളുടെ വാഹനങ്ങൾക്കും നിയന്ത്രണം ബാധകമല്ലെന്ന് അധികൃതർ അറിയിച്ചു.
ബൊക്കാപുരം റോഡിലുള്ള വിഭൂതിമലയിലേക്കും ഇന്നുമുതൽ വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് പ്രവേശനമില്ല. എന്നാൽ മുതുമല കടുവസങ്കേതത്തിലെ പ്രശസ്തമായ തെപ്പക്കാട് ആനപരിപാലന കേന്ദ്രത്തിലേക്കുള്ള യാത്രയ്‌ക്ക് നിലവിൽ നിയന്ത്രണമില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി.















