ന്യൂഡല്‍ഹി: പാറ്റാ പാര്‍ട്ടി സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചിന് മുന്നോടിയായി ജന്തര്‍മന്തറിന് സമീപത്ത് നിന്ന് കല്ലുകള്‍ നിറച്ച ട്രക്ക് കണ്ടെത്തിയത് സുരക്ഷാ ഏജന്‍സികളുടെ ആശങ്ക വര്‍ധിപ്പിച്ചു. പ്രതിഷേധത്തിന്റെ മറവില്‍ കലാപം സൃഷ്ടിക്കാനുള്ള നീക്കമാണിതെന്ന സംശയത്തിലാണ് അന്വേഷണ ഏജന്‍സികള്‍.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ജന്തര്‍ മന്തര്‍, ജന്‍പത്, പട്ടേല്‍ ചൗക്ക്, രാജീവ് ചൗക്ക്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, സേവ തീര്‍ഥ് മെട്രോ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നെങ്കിലും അത് ലംഘിച്ചാണ് പാറ്റാ പാര്‍ട്ടി മാര്‍ച്ച് നടത്താന്‍ ശ്രമിച്ചത്.
ഇതിനിടെയാണ് ജന്തര്‍മന്തറിന് സമീപത്ത് കല്ലുകള്‍ നിറച്ച ട്രക്ക് കണ്ടെത്തിയത്. ഡല്‍ഹിയില്‍ സംഘര്‍ഷം സൃഷ്ടിക്കാനാണ് പ്രതിഷേധത്തിന്റെ ലക്ഷ്യമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ തന്നെ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് ഉള്‍പ്പെടെയുള്ള സേനയെ വിന്യസിച്ച് തലസ്ഥാനത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ ഉണ്ടായ കലാപങ്ങളിലും സമാന രീതിയില്‍ കല്ലുകള്‍ ശേഖരിച്ച സംഭവങ്ങള്‍ കണ്ടെത്തിയിരുന്നുവെന്ന് അന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. അന്നും പൊലീസ് ഉള്‍പ്പെടെയുള്ള സുരക്ഷാസേനയെ ആക്രമിക്കാന്‍ കല്ലുകളാണ് വ്യാപകമായി ഉപയോഗിച്ചത്. സമാനമായ സാഹചര്യം സൃഷ്ടിക്കാനുള്ള ശ്രമമായിരിക്കാമെന്ന സംശയവും ഉയരുന്നുണ്ട്.
ഇതിനിടെ, പാറ്റാ പാര്‍ട്ടിയുടെ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ സമാജ്വാദി പാര്‍ട്ടി എംപി ഡിംപിള്‍ യാദവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി പാര്‍ട്ടി ആരോപിച്ചു. ഡിംപിള്‍ യാദവിനെയും മറ്റ് എസ്.പി. എംപിമാരെയും കസ്റ്റഡിയിലെടുത്തതും വിദ്യാര്‍ഥികള്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്തിയതും ജനാധിപത്യവിരുദ്ധ നടപടിയാണെന്ന് സമാജ്വാദി പാര്‍ട്ടി പ്രതികരിച്ചു.















