കേരളത്തിന് വരുമാന നഷ്ടമുണ്ടാകുമെന്ന ന്യായം പറഞ്ഞ് ഇന്ധന നികുതി കുറയ്‌ക്കില്ലെന്ന നിലപാട് , സംസ്ഥാന സർക്കാറിന് തന്നെ തിരിച്ചടിയാവുന്നു. ഉയർന്ന വിലയെ തുടർന്ന് ദീർഘദൂര വാഹനങ്ങൾ കേരളത്തിൽ നിന്ന് ഇന്ധനം നിറയ്‌ക്കുന്നത് നിർത്തിയതിന് പുറമെ അതിർത്തി ജില്ലകളിലെ ജനങ്ങൾ അയൽസംസ്ഥാനങ്ങളിലെ പമ്പുകളിലേയ്‌ക്കും ഇന്ധനത്തിനായി പോവുകയാണ്. വാഹനങ്ങളുടെ ബാഹുല്യത്താൽ സംസ്ഥാന അതിർത്തികളിൽ പലതവണ ഗതാഗത സ്തംഭവനും ഉണ്ടാകുന്നുണ്ട്. ഈ പ്രവണത തുടർന്നാൽ കേരളത്തെ കാത്തിരിക്കുന്നത് വൻ നികുതി ചോർച്ച.
ഇന്ധന നികുതി കുറയ്‌ക്കാതെ ജനങ്ങളിൽ നിന്ന് പരമാവധി പണം ഊറ്റിയെടുക്കാനുളള പിണറായി സർക്കാരിന്റെ നീക്കത്തിന് തിരിച്ചടി നേരിടുകയാണ്. പെട്രോൾ,ഡീസൽ എന്നിവയുടെ നികുതി കേന്ദ്ര സർക്കാർ പിൻവലിച്ചതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങൾ ഇന്ധനത്തിന്റെ വിലയിലുളള വാറ്റ് കുറച്ചിരുന്നു. എന്നാൽ നികുതി ഇനത്തിൽ ഒരു രൂപ പോലും കുറയ്‌ക്കാൻ തയ്യാറല്ലെന്ന് നിലപാടിലാണ് സംസ്ഥാന സർക്കാർ. കേരളത്തിന് തന്നെ വിനയായിരിക്കുകയാണ് സർക്കാറിന്റെ തീരുമാനം. അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇപ്പോൾ കേരളത്തിൽ ഇന്ധന വില കൂടിയിരിക്കുകയാണ്.
അതോടെ വലിയ വാഹനങ്ങളും ദീർഘദൂര വാഹനങ്ങൾക്കും കേരളത്തിൽ നിന്ന് ഇന്ധനം നിറയ്‌ക്കുന്നത് നഷ്ടക്കച്ചവടമായി മാറി. ഇതോടെ ഹെവി വാഹനങ്ങൾ കേരളത്തിൽ നിന്ന് ഇന്ധനം നിറയ്‌ക്കുന്നത് നിർത്തിയന്നെ് പമ്പ് ഉടമകൾ പറഞ്ഞു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിൽപനയിൽ 20ശതമാനത്തിന്റെ കുറവും ഉണ്ടായി.
അതിനുപുറമെ അയൽസംസ്ഥാനങ്ങളോട് തൊട്ടു കിടക്കുന്ന ജില്ലകളിൽ താമസിക്കുന്നവരും കേരളത്തിലെ പമ്പുകളെ ഒഴിവാക്കുകയാണ്. വിലയിലെ ഈ വ്യത്യാസം തുടർന്നാൽ ഭാവിയിൽ കേരളത്തിലേക്ക് ഇന്ധനക്കടത്ത് വ്യാപകമാക്കാനും സാധ്യതയുണ്ട്. കേന്ദ്ര സർക്കാരിന് പിന്നാലെ ബിജെപി ഭരണത്തിലുള്ള പുതുച്ചേരിയിലും വാറ്റ് നികുതി കുറച്ചതോടെ കഴിഞ്ഞ ദിവസം മയ്യഴിയിൽ ഇന്ധനവിലയിൽ വൻ കുറവാണ് ഉണ്ടായത്. ഇതുകാരണം മയ്യഴിയിലേക്ക് കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്ന് വാഹനങ്ങളുടെ ഒഴുക്കാണിപ്പോൾ.
കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോയിവരുന്ന സ്വകാര്യബസുകളും വലിയ വാഹനങ്ങളും മാഹിയിൽ നിന്നാണ് ഇന്ധനം നിറയ്‌ക്കുന്നത്. മാഹിയിൽ പെട്രോളിന് 92.52 രൂപയും ഡീസലിന് 80.94 രൂപയുമാണ് ഇന്നലത്തെ വില. മാഹിയ്‌ക്ക് തൊട്ടടുത്ത് കിടക്കുന്ന തലശ്ശേരിയിൽ ഇപ്പോഴും പെട്രോൾ വില 104.96 ആണ്. കേരളത്തിൽ വില കുറയാത്തതിനാൽ തലശേരി, വടകര ഭാഗങ്ങളിലുള്ളവരെല്ലാം മാഹിയിലെ പെട്രോൾ പമ്പുകളെ കൂടുതൽ ആശ്രയിക്കുകയാണ്. പുതുച്ചേരിയ്‌ക്ക് പുറമെ കർണ്ണാടകവും സംസ്ഥാന നികുതി കുറച്ചിട്ടുണ്ട്.
കർണാടക പെട്രോളിനും ഡീസലിനും വാറ്റ് ഏഴ് രൂപ വീതം കുറച്ചിട്ടുണ്ട്. അതോടെ കേരളവുമായി വലിയ വ്യത്യാസമാണ് കർണാടകയിലുളളത്. കാസർകോട്,വയനാട്,കണ്ണൂർ തുടങ്ങിയ ജില്ലകളിലെ കർണാടകയോട് ചേർന്നുളള പ്രദേശങ്ങളിലെ ജനങ്ങൾ അതിർത്തി കടക്കുകയാണ്. തമിഴ്നാട്ടിലും മുമ്പേ തന്നെ ഇന്ധനവിലയിൽ കേരളത്തേക്കാൾ കുറവാണ്. തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന അതിർത്തി ഗ്രാമങ്ങളിലുളളവർ നേരത്തെ തന്നെ കേരളത്തിലെ പമ്പുകളെ കൈയൊഴിഞ്ഞിരുന്നു. ഫലത്തിൽ ഇന്ധനവിലയിലുണ്ടായ വർധനവ് സംസ്ഥാന ഖജനാവിന് വലിയ നികുതി ചോർച്ചയുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
Comments