ചെന്നൈ : തിയറ്ററുകളിൽ പണം കൊയ്ത് രജനി ചിത്രം അണ്ണാത്തെ. റിലീസ് ചെയ്ത് 72 മണിക്കൂറിനുള്ളിൽ തന്നെ ചിത്രത്തിന്റെ കളക്ഷൻ നൂറ് കോടി കടന്നെന്നാണ് റിപ്പോർട്ടുകൾ. സ്‌റ്റൈൽ മന്നന്റെ പുതിയ ചിത്രത്തെ ലോകമെമ്പാടുമുള്ള ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.
ആദ്യ ഷോയ്‌ക്ക് ശേഷം തന്നെ മികച്ച പ്രതികരണമാണ് ആളുകളിൽ നിന്നും ഉണ്ടായത്. ആദ്യ ദിനത്തിലെ പ്രദർശനത്തിലൂടെ 70 കോടി രൂപയാണ് ലഭിച്ചതെന്ന്
ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാല പുറത്തുവിട്ട കണക്കുകളിൽ നിന്നും വ്യക്തമാകുന്നു. ഇതിൽ ഭൂരിഭാഗവും തമിഴ്‌നാട്ടിൽ നിന്നുമാണ്. സംസ്ഥാനത്ത് നിന്നും മാത്രം 35 കോടി രൂപ ആദ്യ ദിനം ലഭിച്ചു.
രണ്ടാം ദിനം 42.63 കോടിയാണ് ലഭിച്ചത്. ഇതുവരെ ആകെ ലഭിച്ച തുക 112 കോടി രൂപ പിന്നിട്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വിജയകരമായി സിനിമയുടെ പ്രദർശനം മൂന്നാം ദിനവും തുടർന്നു. വരും ദിവസങ്ങളിൽ കൂടുതൽ സാമ്പത്തിക നേട്ടം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
ലോക്ഡൗണിന് ശേഷം അണ്ണാത്തെ ചിത്രത്തിന്റെ പ്രദർശനത്തോടെയാണ് തമിഴ്‌നാട്ടിലെ തിയറ്ററുകൾ സജീവമായത്. ബിഗ് ബഡ്ജറ്റ് ചിത്രം ഒടിടി റിലീസ് ചെയ്യുമെന്നായിരുന്നു കരുതിയിരുന്നത് എങ്കിലും തിയറ്റർ റിലീസ് തെരഞ്ഞെടുക്കുകയായിരുന്നു.
Comments