കൊച്ചി: മുൻ മിസ് കേരള അൻസി കബീർ ഉൾപ്പെടെ മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ വീണ്ടും പരിശോധന നടത്തി പോലീസ്. നമ്പർ 18എന്ന ഹോട്ടലിലാണ് പരിശോധന നടത്തുന്നത്. ഹോട്ടലിൽ നിന്നും ശേഖരിച്ച ഹാർഡ് ഡിസ്‌കിൽ പാർട്ടി നടന്നതായുള്ള ദൃശ്യങ്ങളില്ലാത്ത സാഹചര്യത്തിലാണ് വീണ്ടും പിരശോധന നടത്തുന്നത്.
പാർട്ടി ഹാളിലെ ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് ഹോട്ടൽ അധികൃതർ മനപ്പൂർവം മാറ്റിയതായാണ് സംശയം. പാർട്ടി ഹാളിലെ ദൃശ്യങ്ങൾ കണ്ടെത്തുന്നതിനാണ് വീണ്ടും പരിശോധന നടത്തുന്നത്. ഇന്നലേയും പരിശോധന നടത്തിയിരുന്നു. അൻസി കബീർ, റണ്ണറപ്പ് അജ്ഞ ഷാജൻ, സുഹൃത്ത് മുഹമ്മദ് ആഷിഖ്, ഡ്രൈവർ അബ്ദുൾ റഹ്മാൻ എന്നിവരാണ് വാഹത്തിലുണ്ടായിരുന്നത്. അപകടത്തിൽ ഡ്രൈവർ മാത്രം രക്ഷപെട്ടിരുന്നു. പാർട്ടിയിൽ പങ്കെടുത്ത് മടങ്ങവെ നവംബർ ഒന്നിനു പുലർച്ചെയാണ് അപകടം ഉണ്ടായത്.
സംഭവത്തിൽ അബ്ദുൾ റഹ്മാനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നാണ് പോലീസ് അറിയിച്ചത്. ഇയാൾക്കെതിരെ കൊലപാതകമല്ലാത്ത നരഹത്യയ്‌ക്ക് കേസെടുത്തിട്ടുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹോട്ടലിൽ പരിശോധന നടത്താൻ തീരുമാനിച്ചത്. ഇതുകൂടാതെ മറ്റെന്തെങ്കിലും ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്നും പോലീസ് പരിശോധിക്കും.
















Comments