അഫ്ഗാൻ ജനതയിൽ ശരിഅത്ത് നിയമം അടിച്ചേൽപ്പിക്കാൻ താലിബാൻ; സൈനിക ട്രൈബ്യൂണൽ രൂപീകരിക്കും; നിർദ്ദേശം നൽകി പരമോന്നത നേതാവ്

Published by
Janam Web Desk

കാബൂൾ : അഫ്ഗാനിസ്താനിലെ ജനങ്ങൾക്ക് മേൽ ഇസ്ലാമിക നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ തീരുമാനിച്ച് താലിബാൻ സർക്കാർ. ഇതിനായി സൈനിക ട്രൈബ്യൂണൽ രൂപീകരിക്കുമെന്നാണ് താലിബാന്റെ പ്രഖ്യാപനം. താലിബാൻ പരമോന്നത നേതാവ് ഹിബാത്തുള്ള അകുൻസാദയുടെ നിർദ്ദേശ പ്രകാരമാണ് സൈനിക ട്രൈബ്യൂണൽ രൂപീകരിക്കുന്നത്.

താലിബാൻ വക്താവ് ഇനാമുള്ള സമാൻഗാനിയാണ് ഇക്കാര്യം അറിയിച്ചത്. അഫ്ഗാന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനും സാമൂഹിക നവീകരണത്തിനുമായി ശരിഅത്ത് നിയമങ്ങൾ നടപ്പാക്കേണ്ടതുണ്ടെന്നെന്ന് ഇനാമുള്ള പറഞ്ഞു. ശക്തമായ ഒരു സംവിധാനത്തിലൂടെ മാത്രമേ ഇത് സാദ്ധ്യമാകൂ. ഇതിനായി സൈനിക ട്രൈബ്യൂണൽ രൂപീകരിക്കാനാണ് അകുൻസാദയുടെ നിർദ്ദേശമെന്നും ഇനാമുളള വ്യക്തമാക്കി.

താലിബാൻ നേതാവ് ഉബൈദുള്ള നെസാമിയെ അദ്ധ്യക്ഷനാക്കിയാണ് ട്രൈബ്യൂണൽ രൂപീകരിക്കുന്നത്. സയ്യിദ് അഗാസ്, സഹെദ് അകുൻസാദെ എന്നിവരാണ് ട്രൈബ്യൂണലിലെ മറ്റ് അംഗങ്ങൾ. ശരിഅത്ത് നിയമങ്ങൾ പുറപ്പെടുവിക്കുക, നടപ്പിലാക്കുക എന്നിവയെല്ലാമാണ് ട്രൈബ്യൂണലിന്റെ ചുമതലകൾ.

താലിബാൻ സർക്കാർ അധികാരത്തിലേറിയതു മുതൽ ശരിഅത്ത് നിയമം കർശനമാക്കി നടപ്പാക്കാനുള്ള പ്രവർത്തനങ്ങളായിരുന്നു കൈക്കൊണ്ടിരുന്നത്. എന്നാൽ ആഭ്യന്തര പ്രശ്‌നങ്ങളെ തുടർന്ന് പൂർണമായി നടപ്പാക്കാൻ താലിബാന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് നിയമങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിനായി സൈനിക െൈട്രബ്യൂണൽ രൂപീകരിക്കുന്നത്.

Share
Leave a Comment