ലക്നൗ: ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് ആവേശോജ്ജ്വലമായി തുടക്കം കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇതൊരു സാധാരണ തെരഞ്ഞെടുപ്പല്ല. യുപിയിലെ വിജയം 2024ലെ വിജയത്തിലേക്കാണ് വാതിൽ തുറക്കുന്നത്. രാജ്യത്തെ ഉയരങ്ങളിലേക്ക് എത്തിയ്ക്കാനുള്ള തെരഞ്ഞെടുപ്പാണെന്നും അമിത് ഷാ വ്യക്തമാക്കി. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാരിന്റെ എല്ലാ പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കണം. ഓരോ ബിജെപി പ്രവർത്തകനും മൂന്ന് കുടുംബങ്ങളുടെ വോട്ടുകൾ ഉറപ്പുവരുത്തണം. ഓരോ ആളുകളും ബിജെപിയ്ക്ക് വോട്ട് ലഭിക്കുന്നതിനായി 60 പേരെയെങ്കിലും പ്രേരിപ്പിക്കണം. കുറഞ്ഞത് 20 വോട്ടുകളെങ്കിലും ലക്ഷ്യമിടണമെന്നും അമിത് ഷാ പറഞ്ഞു. വാരാണാസിയിൽ ബിജെപി നേതാക്കളുമായും പ്രവർത്തകരുമായും സംവദിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ഒരു പൊതു പരിപാടിയിലും അദ്ദേഹം പങ്കെടുത്തു.
ബൂത്ത് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ബൂത്ത് കമ്മിറ്റികൾ രൂപീകരിക്കണം. 365 ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന സംഘടനയാണ് ബിജെപി. പ്രവർത്തകർ എല്ലാവരും അവരുടെ പ്രവർത്തനത്തിൽ സജീവമാണ്. അതിനാൽ തന്നെ തെരഞ്ഞെടുപ്പിന്റെ സമയത്ത് പ്രവർത്തകർക്ക് അധികമൊന്നും തന്നെ ചെയ്യേണ്ടി വരില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
യോഗി ആദിത്യനാഥിന് കീഴിൽ സംസ്ഥാനത്തെ ഗുണ്ടാവിളയാട്ടം നിയന്ത്രിക്കപ്പെട്ടു. കോൺഗ്രസ് ഭരിച്ച അത്രയും വർഷം ബിജെപിയ്ക്ക് ലഭിച്ചാൽ രാജ്യം വലിയ സാമ്പത്തിക ശക്തിയായി മാറും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മികച്ച ഉത്തർപ്രദേശ് സൃഷ്ടിക്കേണ്ടതുണ്ട്. ജനങ്ങളുടെ താത്പര്യം മുന്നിൽക്കണ്ട് കഠിനമായി പ്രവർത്തിച്ചാൽ വിജയം ഉറപ്പാക്കാനാകുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Comments