മധ്യ അമേരിക്കയിലെയും കരീബിയൻ രാജ്യങ്ങളിലും വളരുന്ന മാൻസിനെല്ല അഥവാ മാഞ്ചനീൽ എന്ന മരമാണ് ട്രീ ഓഫ് ഡെത്ത് അഥവാ മരണത്തിന്റെ മരം എന്ന് അറിയിപ്പെടുന്നത്. ഈ മരത്തിന്റെ സമീപത്തേക്കു പോകുന്നതുതന്നെ അപകടകരമാണ്. കാഴ്ചയിൽ ആപ്പിളിനോട് സാമ്യമുള്ളതാണ് വൃക്ഷത്തിന്റെ പഴങ്ങൾ. ഇവ ഭക്ഷിച്ചാൽ മരണം വരെ സംഭവിക്കാം എന്നാണ് കരുതപ്പെടുന്നത്.
നിത്യഹരിത വൃക്ഷമായ മാഞ്ചനീൽ 15 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ഇതിന് ചുവപ്പ് കലർന്ന ചാരനിറത്തിലുള്ള പുറംതൊലി, ചെറിയ പച്ചകലർന്ന മഞ്ഞ പൂക്കൾ, തിളങ്ങുന്ന പച്ച ഇലകൾ എന്നിവയുണ്ട്. മരത്തിന്റെ എല്ലാ ഭാഗങ്ങളിലും വിഷവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇതിന്റെ സ്രവത്തിൽ ചർമ്മത്തിൽ അസ്വസ്ഥതകൾ ഉണ്ടാക്കുന്ന വസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് ശക്തമായ അലർജിയും ചർമ്മവീക്കവും ഉണ്ടാക്കുന്നു.
കരീബിയയിലെയും ആമേരിക്കയിലെയും ദ്വീപസമൂഹങ്ങളിലേയ്‌ക്ക്് വിനോദയാത്ര പോകുന്നവർക്ക് എന്നും പേടിസ്വപ്‌നമാണ് മാഞ്ചനീൽ എന്ന വിഷം തുപ്പുന്ന മരം.
മരത്തിൽ നിന്നും ഒഴുകുന്ന സ്രവം വെള്ളത്തിൽ ലയിക്കുന്നതാണ്. മഴക്കാലത്ത് മരത്തിന് ചുവട്ടിൽ നിൽക്കുന്നത് ഈ ദ്രാവകവുമായുള്ള സമ്പർക്കത്തിൽ നിന്ന് ചർമ്മത്തിനു പൊള്ളലേൽക്കുന്നതിനു കാരണമാകും. മരത്തിന്റെ പാലു കലർന്ന ഒരു ചെറിയ തുള്ളി പോലും ചർമ്മം പൊള്ളാൻ ഇടയാക്കും. മരത്തിന്റെ സ്രവം കണ്ണുകളിൽ വീണാൽ കാഴ്ച വരെ നഷ്ടപ്പെടും. മാഞ്ചനീൽ മരം കത്തുന്ന പുകയിൽ നിന്ന് പോലും ഒരാൾ അന്ധനായേക്കാം.
യുദ്ധകാലത്ത് മരത്തിന്റെ സ്രവത്തിൽ മുക്കിയ അമ്പ് ശത്രുക്കളെ വക വരുത്താൻ വരെ ഉപയോഗിച്ചിരുന്നു. അതിനാൽ തന്നെ മാഞ്ചനീലിനെ ലോകത്തിലെ ഏറ്റവും അപകടകരമായ വൃക്ഷമായി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് പോലും രേഖപ്പെടുത്തിയിട്ടുണ്ട്. പുറംതൊലിയിൽ നിന്നും ഇലകളിൽ നിന്നും പഴങ്ങളിൽ നിന്നുപോലും വിഷം നിറഞ്ഞ സ്രവം പുറത്തേക്ക് ഒഴുകുന്നു.
ഈ മരത്തിന്റെ പഴത്തിന് കൊടും എരിവാണുള്ളത്. പഴം കഴിച്ചതിനു തൊട്ടുപിന്നാലെ വായും കഴുത്തും അന്നനാളവുമെല്ലാം ചുട്ടെരിയും. പൊള്ളിയതു പോലെ പിടയും. ശ്വാസം കിട്ടാതെ വരും. വ്യക്തിക്ക് ഉടൻ വൈദ്യസഹായം ലഭിച്ചില്ലെങ്കിൽ, ഇത് മരണത്തിലേക്ക് നയിച്ചേക്കാം.
മധ്യ അമേരിക്കയലേയ്‌ക്കും കരീബിയൻ രാജ്യങ്ങളിലേയ്‌ക്കും വിനോദയാത്ര പോകുന്നവർ സൂക്ഷിക്കുക ഈ മരണത്തിന്റെ മരത്തിനെ.














