ഭോപ്പാൽ: പശുക്കൾക്ക് വേണ്ടി ഹോസ്റ്റൽ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി കേന്ദ്രമന്ത്രി പുരുഷോത്തം രൂപാല. മദ്ധ്യപ്രദേശിലെ സാഗർ യൂണിവേഴ്സിറ്റി അധികൃതരോടാണ് കേന്ദ്രമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. വിദ്യാർത്ഥികൾക്കായുള്ള ഹോസ്റ്റൽ മാതൃകയിലാണ് പശുക്കളുടെ സംരക്ഷണത്തിനായുള്ള കേന്ദ്രം സ്ഥാപിക്കേണ്ടതെന്നും ഇതിൽ സഹകരിക്കാൻ വ്യക്തിപരമായി തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.
പശുക്കളെ പരിപാലിക്കാൻ ആഗ്രഹമുള്ളവർക്ക് കേന്ദ്രസർക്കാർ എല്ലാ പിന്തുണയും നൽകും. അത്തരത്തിലുള്ളവർക്ക് സഹായകമായി പശുക്കളെ താമസിപ്പിക്കാൻ ഹോസ്റ്റൽ നിർമ്മിക്കണമെന്നാണ് മന്ത്രി പറഞ്ഞത്. പശുക്കളെ സംരക്ഷിക്കുന്നതിനായി സർവ്വകലാശാല ഹോസ്റ്റൽ മാതൃകയിൽ വലിയൊരു കേന്ദ്രം സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ സമാനമായ പശു ഹോസ്റ്റലുകൾ ആരംഭിച്ചിരുന്നു.
പശുക്കളെ കുറിച്ചും പശു ഉൽപ്പന്നങ്ങളെ കുറിച്ച് പഠിക്കുന്നതിനും ഗവേഷണം ചെയ്യുന്നതിനും കാമധേനു സ്റ്റഡി ആന്റ് റിസേർച്ച് സെന്റർ ആരംഭിക്കുന്നതിന്റെ പ്രവർത്തനങ്ങൾ സർവകലാശാലയിൽ മുന്നോട്ടുപോവുകയാണ്. ഇതിനിടയിലാണ് പശുക്കളെ സംരക്ഷിക്കാൻ പശു ഹോസ്റ്റൽ ആരംഭിക്കണമെന്ന നിർദ്ദേശം മന്ത്രി മുന്നോട്ടുവച്ചത്.
ഡോ. ഹരിസിംഗ് ഗൗർ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പശു പഠന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങിലായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്. കേന്ദ്രമന്ത്രിയുടെ ആവശ്യത്തെ കോളേജ് അധികൃതർ സ്വാഗതം ചെയ്യുകയും ചെയ്തു. ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് വൈസ് ചാൻസിലർ നീലിമ ഗുപ്ത അറിയിച്ചു. പശുക്കളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കുമായി 2020ൽ പശു കാബിനറ്റ് രൂപീകരിച്ച ആദ്യ സംസ്ഥാനമാണ് മദ്ധ്യപ്രദേശ്.
Comments