തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താലാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. എല്ലാ ജില്ലകളിലും റെഡ് അലർട്ടിന് സമാനമായ മുന്നൊരുക്കങ്ങളാണ് സർക്കാർ നടത്തുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, കാസർകോട് എന്നീ ജില്ലകൾ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും.
സംസ്ഥാനത്ത് ഇന്നലെ രാത്രി അതിശക്തമായ മഴയാണ് അനുഭവപ്പെട്ടത്. മലപ്പുറം, തൃശ്ശൂർ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയാണുണ്ടായത്. മറ്റ് ജില്ലകളിലും പരക്കെ മഴ അനുഭവപ്പെട്ടിരുന്നു.
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. മലയോര മേഖലകളിൽ കടുത്ത ജാഗ്രത വേണം. പ്രളയ, മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം.ശക്തമായ മഴ തുടരുന്നതിനാൽ നഗരപ്രദേശങ്ങളിലും താഴ്ന്നപ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങൾ ഉണ്ടാകുവാനും സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Comments