തിരുവനന്തപുരം: സംഗീതയാത്രയിൽ അറുപത് വർഷങ്ങൾ പൂർത്തിയാക്കിയ ഗാനഗന്ധർവ്വൻ യേശുദാസിന് ആദരവർപ്പിച്ച് നടൻ മോഹൻലാൽ. യേശുദാസിന്റെ ആലാപനത്തിൽ പിറന്ന ഒരു പിടി നല്ല ഗാനങ്ങൾ കോർത്തിണക്കിയ സംഗീതാഞ്ജലിയാണ് മോഹൻലാൽ യേശുദാസിന് സമർപ്പിച്ചത്. കാൽപ്പാടുകൾ എന്ന പേരിൽ തന്റെ യൂട്യൂബ് ചാനലിലാണ് മോഹൻലാൽ വീഡിയോ പങ്കുവെച്ചത്.
തിരനോട്ടം മുതൽ വില്ലൻ വരെയുള്ള ചിത്രങ്ങളിൽ യേശുദാസ് പാടിയ ഗാനങ്ങൾ മോഹൻലാൽ പാടുന്നതാണ് വീഡിയോ. സിനിമാ ജീവതം ആരംഭിക്കുന്നതിനു മുൻപ് തന്നെ യേശുദാസിന്റെ ആരാധകൻ ആയിരുന്നു എന്ന് മോഹൻലാൽ പറയുന്നു. നടൻ എന്ന നിലയിൽ അരങ്ങേറ്റം കുറിച്ച ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട ഗാനം പാടിയതും പ്രിയപ്പെട്ട ദാസേട്ടനാണെന്ന് മോഹൻലാൽ ഓർക്കുന്നു.
‘സംഗീതം എന്നാൽ യേശുദാസ് തന്നെയാണ്. സംഗീതത്തിന്റെ സർഗ്ഗ വസന്തമായി അങ്ങു ഞങ്ങളിൽ പൂത്തു നിറയുന്നു. കഴിഞ്ഞ അറുപത് കൊല്ലങ്ങളായി…. ആ ശബ്ദത്തിൽ ഏകാന്തതകളിലും സ്വർഗ്ഗം എന്തെന്നറിഞ്ഞു. മനസ്സിൽ നന്മകൾ ഉണർന്നു. വേദന മറന്നു. അങ്ങനെ എന്റെ എളിയ ജീവിതവും അർത്ഥപൂർണ്ണമായി. നന്ദിയോടെ ഓരോ മലയാളിക്കുമൊപ്പം ഞാനും ഈ ഹൃദയസ്പന്ദനങ്ങൾ അങ്ങേക്കു സമർപ്പിക്കട്ടേ…’ മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാത്തി, അറബിക്, ഇംഗ്ലീഷ്, ലാറ്റിൻ, റഷ്യൻ എന്നിവയുൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകളിലായി 50,000ലധികം ഗാനങ്ങൾ യേശുദാസ് റെക്കോർഡ് ചെയ്തിട്ടുണ്ട്. പത്മശ്രീ (1975), പത്മഭൂഷൺ (2002), പത്മവിഭൂഷൺ (2017) കൂടാതെ മികച്ച പിന്നണി ഗായകനുള്ള എട്ട് ദേശീയ അവാർഡുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 1961ലെ കാൽപ്പാടുകൾ എന്ന ചിത്രത്തിലെ ‘ജാതിഭേദം, മതദ്വേഷം’ എന്ന് തുടങ്ങുന്ന ഗുരുദേവ കീർത്തനം ആലപിച്ചുകൊണ്ടാണ് യേശുദാസ് പിന്നണി ഗാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.
Comments